ADVERTISEMENT

കൊച്ചി∙ കളമശേരിയിലെ കൺവൻഷൻ വേദിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽക്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർഥനാ കൂട്ടായ്മകൾ ഓണ്‍ലൈനായി നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക്‌ നിർദേശം നല്‍കി. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘടനയുടെ ദേശീയ വക്താവ് ജോഷ്‌വാ ഡേവിഡ് വ്യക്തമാക്കി.

ഒരാഴ്ചത്തേക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ഓണ്‍ലൈന്‍ പ്രാര്‍ഥന സംഗമങ്ങള്‍ നീട്ടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. മറ്റു ക്രിസ്ത്യന്‍ വിശ്വാസി വിഭാഗങ്ങളില്‍നിന്നു ഭിന്നമായി പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവയുടെ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്.

കളമശേരിയിലെ സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ, യഹോവയുടെ സാക്ഷികളുടെ മധ്യമേഖലാ കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ചയാണ് സ്ഫോടനമുണ്ടായത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 2300 പേർ പങ്കെടുത്ത യോഗത്തിന്റെ വേദിയിൽ രാവിലെ 9.20നു വിഡിയോഗാനത്തിന്റെ പ്രദർശനം നടന്നു. 9.30നു പ്രാർഥനാ ഗീതം തുടങ്ങിയതിനുപിന്നാലെയായിരുന്നു സ്ഫോടനം.

സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.

English Summary:

Kalamassery Blast: Jehovah's Witnesses Temporarily Stopped Prayer Meetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com