‘കേരളവർമയുടെ ചെയർമാനേ, ചരിത്രപുരുഷാ കുട്ടേട്ടാ..’: റീ കൗണ്ടിങ്ങിൽ തോറ്റ സ്ഥാനാർഥിയുമായി കെഎസ്യു പ്രകടനം
Mail This Article
തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതിയിലേക്കു നീങ്ങവേ, റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥിയോടു തോറ്റ എസ്. ശ്രീക്കുട്ടന് വൻ സ്വീകരമൊരുക്കി കെഎസ്‌യു പ്രവർത്തകർ. ആദ്യഘട്ട വോട്ടെണ്ണലിൽ ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകരും കോൺഗ്രസ് നേതാക്കളും വൻ ആഘോഷമാണ് നടത്തിയത്. ഇതിനിടെയാണ്, രാത്രി വൈകി നടന്ന റീ കൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു വ്യക്തമാക്കിയിരുന്നു.
‘കേരളവർമയുടെ ചെയർമാനേ, ചരിത്രപുരുഷാ കുട്ടേട്ടാ, കേരളവർമയുടെ നായകനേ..’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും ശ്രീക്കുട്ടനെ തോളിലേറ്റിയുമായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രകടനം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലാണ് ശ്രീക്കുട്ടനെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചത്. റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു ഫലം എന്തു തന്നെയാണെങ്കിലും, കോളജിലെ വിദ്യാർഥികൾ വോട്ടു ചെയ്തു വിജയിപ്പിച്ചത് ശ്രീക്കുട്ടനെയാണെന്നും പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷം തൃശൂർ ഡിസിസി ഓഫിസിൽനിന്ന് അലോഷ്യസ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് ശ്രീക്കുട്ടൻ എത്തിയത്.
ഇവർ കോളജിലേക്ക് എത്തുമ്പോഴേക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുന്നിൽ കെഎസ്‌യു പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. മുദ്രാവാക്യം മുഴക്കിയും ആഹ്ലാദാരവങ്ങളോടെയുമാണ് പ്രവർത്തകർ ശ്രീക്കുട്ടനെ സ്വീകരിച്ചത്.
യൂണിയൻ തിരഞ്ഞെടുപ്പിൽ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കേരളവർമയിൽ വിജയം നേടിയെന്ന കെഎസ്‌യു അവകാശവാദത്തിനിടെ, കോളജിൽ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
രാത്രിയായതിനാൽ റീകൗണ്ടിങ് നീട്ടിവയ്ക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടെങ്കിലും അധികൃതർ സമ്മതിച്ചില്ല. ഇതോടെ കെഎസ്‌യു റീ കൗണ്ടിങ് ബഹിഷ്കരിച്ചു. തുടർന്നാണ് രാത്രി വൈകി എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്.