കെഎസ്‌യു സ്ഥാനാർഥി ജയിച്ചെന്നത് അവകാശവാദം മാത്രമെന്ന് ആർഷോ; മന്ത്രിയും ഇടപെട്ടെന്ന് അലോഷ്യസ്
Mail This Article
തിരുവനന്തപുരം∙ കേരളവർമയിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം കോടതി കയറുമെന്ന് ഉറപ്പായതിനു പിന്നാലെ പ്രതികരണവുമായി എസ്എഫ്ഐ, കെഎസ്‌യു നേതാക്കൾ. ആദ്യഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ചൂണ്ടിക്കാട്ടി. സ്വന്തം സ്ഥാനാർഥി ജയിച്ചു എന്നത് കെഎസ്‌യുവിന്റെ അവകാശവാദം മാത്രമായിരുന്നുവെന്ന് ആർഷോ പറഞ്ഞു. അതേസമയം, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദമാണ് റീ കൗണ്ടിങ് രാത്രി തന്നെ നടത്താൻ കാരണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.
‘‘തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിട്ടല്ല ഒരു റീ കൗണ്ടിങ് നടക്കുന്നത്. കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട കൗണ്ടിങ് പൂർത്തിയാകുന്ന സമയത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഒരു ഫലമല്ല അത്. കെഎസ്‌യുവിന്റെ അവകാശവാദമാണ്. വോട്ടെണ്ണുമ്പോൾ ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസം വരുന്ന ഘട്ടങ്ങളിലെല്ലാം റീ കൗണ്ടിങ് ഉണ്ടാകാറുണ്ട്. റീ കൗണ്ടിങ്ങിന്റെ സമയത്ത് സാധുവായ വോട്ടുകളും അസാധുവായ വോട്ടുകളും തരംതിരിച്ച് പ്രത്യേകം പരിശോധന നടത്തും.
അങ്ങനെ റീ കൗണ്ടിങ് നടക്കുന്ന സമയത്ത് പകുതി വോട്ടെണ്ണിയപ്പോഴേക്കും കെഎസ്‌യു സ്ഥാനാർഥി തോൽക്കുമെന്നും അവർ നടത്തിയ പ്രചാരണമെല്ലാം പാഴാകുമെന്നുമുള്ള ഘട്ടം വന്നപ്പോഴാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് അവർ വിട്ടുനിൽക്കുന്നതായി പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്യുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. അവിടെ കൃത്യമായും സുതാര്യമായും തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയിട്ടുള്ളത്.
ബാലറ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ക്യാംപസിനുള്ളിൽ ലഭ്യമാണ്. അവർ കോടതിയെ സമീപിക്കുന്നു എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. സ്വാഭാവികമായും കോടതിയെ സമീപിക്കുന്ന ഘട്ടത്തിൽ ഈ ബാലറ്റ് പേപ്പറുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും പരിശോധിക്കാവുന്നതാണ്. ആ പരിശോധന പൂർത്തിയാകുമ്പോൾ എല്ലാം ബോധ്യമാകും. സ്വന്തം സ്ഥാനാർഥി ജയിക്കണമെന്ന് ആഗ്രഹിക്കുകയും, അതു നടക്കാതെ വരുമ്പോൾ അട്ടിമറി നടന്നു എന്നൊക്കെ ആരോപിക്കുകയും ചെയ്യുന്നത് ശരിയായിട്ടുള്ള രീതിയില്ല’’ – ആർഷോ പ്രതികരിച്ചു.
അതേസമയം, റീ കൗണ്ടിങ് മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്ന കെഎസ്‌യുവിന്റെ ആവശ്യം സിപിഎം നേതൃത്വം ഇടപെട്ടാണ് അട്ടിമറിച്ചതെന്ന് കെഎസ്‌യു പ്രസിഡന്റ് ആരോപിച്ചു.
‘റീ കൗണ്ടിങ്ങിന് ഞങ്ങൾ എതിരായിരുന്നില്ല. റീ കൗണ്ടിങ് അർധരാത്രിയിലേക്കു നീളുന്ന സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്ക് അതു സമ്മതമായിരുന്നുവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായാണ് റീ കൗണ്ടിങ് രാത്രിയിലും തുടർന്നത്. റീ കൗണ്ടിങ്ങിനിടെ രണ്ടു തവണ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അവിടെ കൃത്യമായ അട്ടിമറി നടന്നു എന്നു വ്യക്തമാണ്. അവിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഇടതുപക്ഷ അധ്യാപക സംഘടനയുടെ പ്രതിനിധികളാണ്.’ – അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി.