ADVERTISEMENT

മുംബൈ∙ മറാഠാ സംവരണ വിഷയത്തില്‍ തുടര്‍ന്നുവന്ന നിരാഹാരസമരം അവസാനിപ്പിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ പാട്ടീല്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ മനോജ് ജാരങ്കെ തീരുമാനിച്ചത്. ജനുവരി രണ്ടിനുള്ളില്‍ സര്‍ക്കാര്‍ മറാഠാ വിഭാഗത്തിന് പൂര്‍ണ സംവരണം പ്രഖ്യാപിക്കണമെന്ന് മനോജ് അന്ത്യശാസനം നല്‍കി.

‘ആവശ്യത്തിനു സമയം എടുത്തോളൂ, പക്ഷേ സംവരണം പ്രഖ്യാപിക്കണം. ഇത് അവസാനമായാണ് സമയം അനുവദിക്കുന്നത്. രണ്ടു മാസം കൂടി എടുത്തോളൂ, അല്ലെങ്കില്‍ മറാഠകള്‍ മുംബൈ സ്തംഭിപ്പിക്കും’ - മനോജ് ജാരങ്കെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ നടക്കുന്ന നിരാഹാരസമര ശൃംഖല തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജല്‍നയിലെ നിരാഹാരവേദിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ച രണ്ട് ജസ്റ്റിസുമാരും നാല് മന്ത്രിമാരും അടങ്ങിയ സര്‍ക്കാര്‍ സംഘമാണ് മനോജുമായി ചര്‍ച്ച നടത്തിയത്. ഞാന്‍ നിങ്ങളുടെ കാല് പിടിക്കാമെന്നും കുറച്ചുകൂടി സമയം അനുവദിച്ച് നിരാഹാരം പിന്‍വലിക്കണമെന്നും പ്രതിനിധി സംഘാംഗമായ ധനഞ്ജയ് മുണ്ടെ മനോജിനോടു പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗത്തിന്റെ ആവശ്യം നിരാകരിച്ച മനോജ്, സംവരണം നടപ്പാക്കാന്‍ ഇനിയും സമയം നീട്ടുന്നത് എന്തിനാണെന്നും സംവരണം എങ്ങനെ നടപ്പാക്കണമെന്ന് വ്യക്തമായ പദ്ധതി പുറത്തുവിടണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റില്‍ മനോജ് ആരംഭിച്ച സംവരണസമരം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ഒക്ടോബര്‍ 24 നകം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് സെപ്റ്റംബര്‍ 14ന് സമരം പിന്‍വലിക്കുകയായിരുന്നു. ആ സമയപരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം അനിശ്ചിതകാല നിരാഹാരം പുനരാരംഭിച്ചത്. വീണ്ടും ആരംഭിച്ച സമരം സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം തെറ്റിച്ച് മുന്നേറുകയായിരുന്നു. 

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കിണഞ്ഞു ശ്രമിച്ചിട്ടും പ്രശ്‌നം തണുപ്പിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, സംവരണത്തെ എല്ലാ പാര്‍ട്ടികളും ഐകകണ്ഠ്യേന അംഗീകരിച്ചതായി പറഞ്ഞിരുന്നു. സംവരണവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സമയം ആവശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടു.

English Summary:

Maratha quota activist Manoj Jarange ends fast, sets Jan 2 deadline for govt to resolve issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com