‘ഞാനാണ് മുഖ്യമന്ത്രി, 5 വർഷം തുടരും’: കർണാടയിൽ നേതൃമാറ്റ അഭ്യൂഹം തള്ളി സിദ്ധരാമയ്യ
Mail This Article
ഹൊസപേട്ട∙ കർണാടയിൽ നേതൃമാറ്റ അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചുവർഷക്കാലവും താൻ കർണാടക മുഖ്യമന്ത്രിയായി ഉണ്ടായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. രണ്ടര വർഷത്തിനു ശേഷം നേതൃമാറ്റമുണ്ടായേക്കുമെന്ന് ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ളിൽ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് മണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ അടുത്തിടെ അവകാശപ്പെട്ടിരുന്നു.
മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് പാർട്ടിക്കുള്ളിലെ അഭ്യൂഹങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘‘ആരാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന നടത്തിയത്?. ഇതിനൊക്കെ നിങ്ങൾ എന്തിനാണ് പ്രാധാന്യം നൽകുന്നത്?’– അദ്ദേഹം ചോദിച്ചു. അഞ്ചു വർഷം മുഴുവൻ സർക്കാരിനെ നയിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തത നൽകാൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ, ‘അഞ്ച് വർഷത്തേക്ക് ഞങ്ങളുടെ സർക്കാർ ഉണ്ടാകും. ഞാനാണ് മുഖ്യമന്ത്രി, ഞാൻ തുടരും’ എന്ന് അദ്ദേഹം മറുപടി നൽകി.
മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി ഉണ്ടായേക്കുമെന്ന ഊഹാപോഹം സംബന്ധിച്ച ചോദ്യത്തിന്, ഇക്കാര്യം ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ആര് പറഞ്ഞു?. എല്ലാം ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്. കോൺഗ്രസ് പ്രാദേശിക പാർട്ടിയല്ല, ദേശീയ പാർട്ടിയാണ്. ഹൈക്കമാൻഡുമായി ചർച്ച ചെയ്യാതെ ഒന്നും തീരുമാനിക്കാനാകില്ല. മുഖ്യമന്ത്രി എന്ന നിലയിൽ എനിക്കോ എംഎൽഎമാർക്കോ സർക്കാരിനെ മാറ്റാൻ കഴിയില്ല. ഞങ്ങൾക്ക് ഹൈക്കമാൻഡ് ഉണ്ട്, അവർ തീരുമാനിക്കും’– അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്നതുമുതൽ, മുഖ്യമന്ത്രിയെ മാറ്റുമെന്ന് പാർട്ടിക്കുള്ളിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരമായിരുന്നു. രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന ഒത്തുതീർപ്പിൽ എത്തിയതായി അക്കാലത്ത് ചില റിപ്പോർട്ടുകളും ഉണ്ടായിരുന്നു, എന്നാൽ ഇത് പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.