ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി  നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്കു വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപ നൽകണം. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നൽകേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപ. 51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 65. ത്രീഫേസ് ഫിക്സഡ് ചാർജ് 140. 101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർ യൂണിറ്റിന് 5.10രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 85. ത്രീഫേസ് ഫിക്സഡ് ചാർജ് 170. 

151 യൂണിറ്റ് മുതൽ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 120. ത്രീഫേസ് ഫിക്സഡ് ചാർജ് 180. 200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130. ത്രീഫേസ് ഫിക്സഡ് ചാർജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്കോപ്പിക്). 0–300 യൂണിറ്റിന് 6.40രൂപ. 0–350 യൂണിറ്റുവരെ 7.25രൂപ. 0–400 യൂണിറ്റുവരെ 7.60രൂപ. 0–500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല. എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾക്കും നിരക്കിൽ ഇളവുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾ ചാർജു ചെയ്യുന്ന സ്റ്റേഷനുകളിലെ വൈദ്യുതി ഫിക്സഡ് ചാര്‍ജിലും റഗുലേറ്ററി കമ്മിഷൻ നേരിയ വർധന വരുത്തി. നിലവിലെ ഫിക്സഡ് ചാർജ് പ്രതിമാസമോ കിലോവാട്ടിനോ 90 രൂപയാണ്. എനർജി ചാർജ് യൂണിറ്റിന് 5.50രൂപയും.

ഫിക്സഡ് ചാർജ് 90 രൂപയെന്നത് 100രൂപയാക്കി. 2027വരെ ഈ നിരക്കായിരിക്കും. എനർജി ചാർജിൽ മാറ്റമില്ല. ഇവി ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് എനർജി ചാർജ് വർധിപ്പിക്കാത്തത്.

വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മിഷൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാൻ യോഗം ചേർന്നത്. നിരക്കുവർധന ഇന്നലെ നിലവിൽ വരുന്ന രീതിയിൽ ഉത്തരവിറക്കാനായിരുന്നു തീരുമാനം.

യോഗത്തിനിടെ കമ്മിഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ തീരുമാനം മാറ്റിയതായി കമ്മിഷൻ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.

English Summary:

Power tariff hike Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com