‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണം’: രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്; സദാ സജ്ജരെന്ന് സൈന്യം
Mail This Article
ന്യൂഡൽഹി ∙ ‘അപ്രതീക്ഷിതമായതു പ്രതീക്ഷിക്കണം’ എന്നു ഇന്ത്യൻ സൈന്യത്തിനു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. ഇസ്രയേലിൽ ഹമാസിന്റെ മിന്നലാക്രമണമുണ്ടായ പശ്ചാത്തലത്തിലാണു സേനാ കമാൻഡർമാരോടു രാജ്നാഥ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു.
ഹമാസിന്റെ ആക്രമണവും ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണവും ഇന്ത്യയിലെ ദേശീയ സുരക്ഷാ വിദഗ്ധർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇസ്രയേൽ – ഹമാസ് യുദ്ധം ഓർമപ്പെടുത്തലായി കണക്കാക്കി വൻതോതിൽ ആയുധങ്ങൾ ഇന്ത്യൻ സേന സംഭരിച്ചിട്ടുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതിർത്തികൾ സുരക്ഷിതമാക്കാൻ ആയിരക്കണക്കിനു കോടി രൂപയുടെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങിയത്.
അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, ആളില്ലാതെ പറക്കുന്ന ചെറുവിമാനങ്ങൾ, ഗ്രൗണ്ട് സെൻസറുകൾ തുടങ്ങിയവ കൂടുതലായി സേനയുടെ കൈവശമുണ്ട്. അതിർത്തികളിൽ അസ്വാഭാവികമായി ഉണ്ടായേക്കാവുന്ന എത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നു രാജ്നാഥ് സിങ്ങിനെ സേനാ കമാൻഡർമാർ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യം ഏറെയുള്ള പാക്ക് അധിനിവേശ കശ്മീർ, നുഴഞ്ഞുകയറ്റത്തിനു സാധ്യതയുള്ള ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ എന്നിവിടങ്ങളിൽ സൈന്യം അതീവ ജാഗ്രതയിലാണ്. കരസേനയ്‌ക്കൊപ്പം നാവിക – വ്യോമ സേനകളും സ്ഥിതിഗതികൾ വിലയിരുത്തുകയും സജ്ജരാകുകയും ചെയ്തു. 26/11 മുംബൈ ഭീകരാക്രമണം പോലുള്ളവ ആവർത്തിക്കാതിരിക്കാൻ രാജ്യത്തിന്റെ 7500 കിലോമീറ്റർ തീരപ്രദേശത്ത് നാവികസേന പട്രോളിങ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കി.