ADVERTISEMENT

തൃശൂർ ∙ ശ്രീ കേരളവർമ കോളജിൽ ആദ്യം ഒരു വോട്ടിനു ജയിച്ച യൂണിയൻ ചെയർമാൻ സ്ഥാനം റീകൗണ്ടിങ്ങിൽ നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടനെപ്പറ്റി കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ക്ലാസിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹവും  ബഹുമാനവുമുണ്ടെന്നു സമൂഹമാധ്യമത്തിൽ ദീപ അഭിപ്രായപ്പെട്ടു. നേരത്തേ കേരളവർമ കോളജിലെ അധ്യാപികയായിരുന്നു ദീപ.

ബുധനാഴ്ച വോട്ടെണ്ണിത്തീർന്നപ്പോൾ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന് 895 വോട്ടുമായിരുന്നു. 41 വർഷത്തിനിടെ ആദ്യമായി കിട്ടിയ ചെയർമാൻ സ്ഥാനത്തിന്റെ ആഹ്ലാദത്തിലായി കെഎസ്‍യു. എന്നാൽ, എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ് നടത്തുകയായിരുന്നു. അർധരാത്രി വരെ നീണ്ട റീകൗണ്ടിങ്ങിനു പിന്നിൽ ഉന്നത ഇടപെടലാണെന്നും വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നും കെഎസ്‍യു ആവശ്യപ്പെട്ടു.

ദീപ നിശാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:

അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവർമ കോളജ് യൂണിയൻ ഇലക്‌ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്.

ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ കോളജിലല്ല. 2 വർഷമായി മറ്റൊരു കോളജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട്. കേരളവർമയിലെ നിലവിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം. അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹമുണ്ട്, ബഹുമാനമുണ്ട്.

ശ്രീക്കുട്ടന് കെഎസ്‌യു പ്രവർത്തകർ നൽകിയ സ്വീകരണം. ചിത്രം: റസ്സൽ ഷാഹുൽ ∙ മനോരമ
ശ്രീക്കുട്ടന് കെഎസ്‌യു പ്രവർത്തകർ നൽകിയ സ്വീകരണം. ചിത്രം: റസ്സൽ ഷാഹുൽ ∙ മനോരമ

കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന കോളജുകളിൽ മുൻനിരയിലാണ് കേരളവർമ കോളജിന്റെ സ്ഥാനം. 1952ൽ, തൃശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്കരിച്ച വാസു എന്ന വിദ്യാർഥിയെ ഹൃദയപൂർവം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവർമയുടെ ആ മഹാപരമ്പരയിൽ ഇപ്പോൾ ആറായിരത്തോളം പേരുണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടൻ വിജയിച്ചു എന്ന വാർത്ത കേട്ടത് ഭിന്നശേഷി വിദ്യാർഥികളുടെ അലുമ്നി ഗ്രൂപ്പിലാണ്. അപ്പോൾത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. 

പിന്നീട് ആ വാർത്ത സംബന്ധിച്ച തർക്കങ്ങൾ കണ്ടു. ചർച്ചകൾ അധികം പിന്തുടർന്നില്ല. കോൺഗ്രസ് പ്രൊഫൈലുകളിൽനിന്നും പുറത്തേക്കു വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു. ശ്രീക്കുട്ടനോട് അന്നുമിന്നും സ്നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.

English Summary:

Deepa Nishant shared a social media post about Thrissur Kerala Varma College's KSU candidate, S Sreekuttan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com