‘ഞാനാണ് മഹാദേവ് ആപ്പിന്റെ ഉടമസ്ഥൻ; യുഎഇയിലേക്ക് പോകാനാവശ്യപ്പെട്ടത് ബാഗേൽ’: വെളിപ്പെടുത്തലുമായി ശുഭം
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ. യുഎഇയിലേക്കു പോകാൻ ഉപദേശിച്ചത് ഭൂപേഷ് ബാഗേലാണെന്ന് വെളിപ്പെടുത്തി വിവാദ ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ്പിന്റെ യഥാർഥ ഉടമസ്ഥനെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന ശുഭം സോണിയാണ്, യുഎഇയിലേക്കു പോകാൻ ബാഗേൽ ഉപദേശിച്ചതായി വെളിപ്പെടുത്തിയത്.
ദുബായിൽനിന്ന് ചിത്രീകരിച്ച വിഡിയോ വഴിയാണ് ശുഭം സോണിയുടെ വെളിപ്പെടുത്തൽ. ബാഗേലിനെതിരെ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളാണ് ശുഭം സോണി ഉന്നയിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാദേവ് ബെറ്റിങ് ആപ്പിന്റെ യഥാർഥ ഉടമസ്ഥൻ താനാണെന്നും ശുഭം സോണി അവകാശപ്പെട്ടു. ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽനിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇ.ഡി പിടിച്ചെടുത്തിരുന്നു.
മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരുടെ പണവുമായി യുഎഇയിൽനിന്ന് എത്തിയതാണെന്നും തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ബാഗേൽ എന്നയാൾക്കു നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയതായി ഇ.ഡി അറിയിച്ചു. ദാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ മഹാദേവ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ശുഭം സോണി അയച്ച ഇ മെയിൽ ലഭിച്ചു. ബാഗേലിന് ഇതുവരെ 508 കോടി നൽകിയതിന്റെ വിശദാംശങ്ങൾ ഇതിൽനിന്നാണു ലഭിച്ചതെന്നും ഇ.ഡി പറഞ്ഞു
ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെയാണ് വിവാദം കത്തിപ്പടർന്നത്. മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേലിന് 508 കോടി രൂപ നൽകിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചതിനു പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് മൂർധന്യത്തിലെത്തി. ബിജെപി നിരയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും എതിർപക്ഷത്തു നിന്ന് കോൺഗ്രസ് നേതാക്കളും ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.
ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോൺഗ്രസ് പാഴാക്കില്ലെന്നും മഹാദേവിനെ പോലും അവർ വെറുതെ വിട്ടില്ലെന്നും പ്രചാരണറാലിയിൽ മോദി ആരോപിച്ചു. മഹാദേവ് ആപ്പിനെതിരെ അന്വേഷണം നടത്തിയതും കേസെടുത്തതും കോൺഗ്രസ് സർക്കാരാണെന്നും കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ചതോടെയാണ് ബിജെപി ഇഡിയെ രംഗത്തിറക്കിയത്. ഇ.ഡി ബിജെപിയുടെ ഇലക്‌ഷൻ ഡിപാർട്ട്മെന്റ് ആണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കു തന്നെ ഭയമാണെന്നു ബാഗേൽ പറഞ്ഞു.