അൽപവസ്ത്രത്തിന്റെ പേരിൽ അറസ്റ്റെന്ന് വ്യാജ വിഡിയോ; നടിക്കെതിരെ കേസ്
Mail This Article
മുംബൈ∙ മോശം വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനു ടിവി നടി ഉർഫി ജാവേദിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നടിയെ പൊതുസ്ഥലത്തുനിന്നു വനിതാ കോൺസ്റ്റബിൾമാർ കസ്റ്റഡിയിലെടുക്കുന്നതും എന്തിനാണ് ഇത്രയും ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതെന്നു ചോദിച്ചു ജീപ്പിൽ കയറ്റുന്നതുമാണു വിഡിയോ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടി ആയ ഉർഫി ഒരു ബ്രാൻഡിന്റെ പ്രമോഷനു വേണ്ടി ചിത്രീകരിച്ചതെന്നു പറയുന്ന വിഡിയോ ആണ് അറസ്റ്റെന്ന രീതിയിൽ വ്യാപകമായ രീതിയിൽ പ്രചരിപ്പിച്ചത്.
പരസ്യമാണെന്നു വിഡിയോയിൽ എവിടെയും സൂചിപ്പിക്കുകയോ പിന്നീടു വ്യക്തമാക്കുകയോ നടി ചെയ്തില്ല. ഇതോടെ, എന്തിനാണു പൊലീസ് വസ്ത്രധാരണത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഇടപെടുന്നത് എന്നുള്ള ചോദ്യങ്ങളുമായി പൊലീസിനെതിരെ വിമർശനങ്ങളേറി. തുടർന്നാണ്, ഉർഫിക്കും ഒപ്പം അഭിനയിച്ച സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തത്.