സിപിഎം ക്ഷണം തള്ളി ആര്യാടൻ ഷൗക്കത്ത്; കെ.വി.തോമസിന്റെ അവസ്ഥയെന്തെന്ന് തിരുവഞ്ചൂർ
Mail This Article
തിരുവനന്തപുരം∙ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം തള്ളി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ഉത്തരവാദിത്തമുള്ള കോൺഗ്രസ് ഭാരവാഹിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആര്യാടൻ ഷൗക്കത്ത് സിപിഎം ക്ഷണം തള്ളിയത്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസവും ഷൗക്കത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
‘‘എന്റെ പിതാവ് ആശുപത്രിക്കിടക്കയിൽവച്ചും പറഞ്ഞത്, ആ കോൺഗ്രസ് പതാക അദ്ദേഹത്തെ പുതപ്പിക്കാൻ മറക്കരുത് എന്നാണ്. അതു തന്നെയാണ് എന്റെ കാര്യത്തിൽ ഞാനും ആഗ്രഹിക്കുന്നത്. പലസ്തീൻ വിഷയത്തിൽ കൈക്കൊണ്ട നിലപാടിൽ ഒരു മാറ്റവുമില്ല. ഒരു നിലപാടു സ്വീകരിച്ചാൽ അതിൽ ഉറച്ചുനിൽക്കാൻ കൂടിയാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചത്. ഉത്തരവാദപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ, സിപിഎം സംഘടിപ്പിക്കുന്ന റാലിയിൽ ഞാൻ പങ്കെടുക്കുമോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല’’ – ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
അതേസമയം, ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ ഈ മാസം എട്ടിന് തീരുമാനം കൈക്കൊള്ളുമെന്ന് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഡിസിസി ഭാരവാഹികളുടെ നിലപാടു കൂടി തേടാനുള്ളതിനാലാണ് തീരുമാനം നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് ഇന്ന് കെപിസിസിയുടെ അച്ചടക്ക സമിതിക്കു മുന്നിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകി. ഇക്കാര്യത്തിൽ തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്. ഇതിനിടയിലാണ് സിപിഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.
‘‘സിപിഎം ഇക്കാര്യത്തിൽ വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണ്. ഈ അടുത്ത കാലത്ത് അവർക്ക് എന്തോ കാലദോഷം സംഭവിച്ചിരിക്കുകയാണ്. തൊട്ടതെല്ലാം കുഴപ്പത്തിൽ പോയി ചാടുകയാണ്. അവർ ലീഗുമായി സംസാരിച്ചു. അതു കുഴപ്പത്തിലായി. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ കാര്യത്തിലും അതു തന്നെ പറഞ്ഞു. ഇല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു കാര്യം വ്യക്തമായിത്തന്നെ പറയാം. ഇവിടെ കോൺഗ്രസിലും യുഡിഎഫിലും ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരെയും ഉന്നംവച്ച് മാർക്സിസ്റ്റ് പാർട്ടി ഒരു കളിക്കും പോകേണ്ടതില്ല. അതിലെല്ലാം അവർ പരാജയത്തിലേ ചെന്നു നിൽക്കൂ’’ – ഷൗക്കത്തിന്റെ വിശദീകരണം കേട്ടശേഷം മാധ്യമപ്രവർത്തകരെ കാണവേ തിരുവഞ്ചൂർ വ്യക്തമാക്കി.
‘‘സിപിഎം വളരെ മനോഹരമായി ക്ഷണിച്ചുകൊണ്ടുപോയ കെ.വി.തോമസിന്റെ അവസ്ഥ ഇപ്പോൾ എന്താ? നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുന്നതിനായി സിപിഎം ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പലതും ചെയ്യും. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങളുടെ കൂടെയുള്ളത്. ഇതെല്ലാം കൃത്യമായി അറിയാവുന്നവരാണ്’’– തിരുവഞ്ചൂർ പറഞ്ഞു.