ADVERTISEMENT

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കെഎസ്‌യു നേതാവിന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ ലാത്തിക്ക് അടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പൊലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തതെന്ന് സതീശൻ ചോദിച്ചു. വനിതാ പൊലീസുമായി സംസാരിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പൊലീസുകാരന്‍ മനഃപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎസ്‌യു നേതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പൊലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്? ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അതു കണ്ടതാണ്. വനിതാ പൊലീസുമായി സംസാരിച്ചുകൊണ്ടു നിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പൊലീസുകാരന്‍ മനഃപൂര്‍വമായാണ് ലാത്തികൊണ്ട് അടിച്ചത്. ഇത്രയും ക്രൂരമായി ഒരു വിദ്യാർഥി സമരത്തെയും കേരളത്തിലെ പൊലീസ് നേരിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിനു പിന്നാലെ പൊലീസ് വേട്ട ആരംഭിച്ചു.

ക്രൂരമായി മര്‍ദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ടു പിടിച്ച് റിമാന്‍ഡ് ചെയ്യുകയാണ്. ഓടിച്ചിട്ട് പിടിക്കാനും റിമാന്‍ഡ് ചെയ്യാനും എന്തു സംഭവമാണുണ്ടായത്? മന്ത്രിയുടെ ഓഫിസിലേക്കു മാര്‍ച്ച് ചെയ്യാന്‍ പാടില്ലേ? സിപിഎം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്കു മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്കു മാര്‍ച്ച് ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

അറസ്റ്റ് ചെയ്തു മാറ്റുന്നതിനു പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോടു മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും. അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണ് അവർ. ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ?

നരനായാട്ടു പോലെ പിരിഞ്ഞു പോയവര്‍ക്കു പിന്നാലെ പൊലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുന്നത്? എന്തു ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികള്‍ ചെയ്തത്? എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. എറണാകുളത്ത് പൊലീസുകാരനെ എടുത്തിട്ടിടിച്ച എസ്എഫ്ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പൊലീസിനില്ല. പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിര്‍ത്തി അടിച്ചവര്‍ ഇപ്പോഴും എറണാകുളത്തുകൂടി നടക്കുകയാണ്. നിരപരാധികളായ പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമേ ഈ പൊലീസിനുള്ളൂ.

വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണു നേരിടുന്നതെങ്കില്‍ ഇതിലും വലിയ സമരങ്ങളെ നേരിടേണ്ടി വരും. എന്തു പ്രകോപനമാണ് വിദ്യാർഥികള്‍ ഉണ്ടാക്കിയത്? ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അവരൊക്കെ 25 വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടികളെയൊക്കെ അടിച്ചമര്‍ത്തി സമാധാനത്തോടെ ഭരിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ട.’ – സതീശൻ പറഞ്ഞു.

English Summary:

Opposition Leader Condemns Police Brutality: Girl Slapped by Officer During Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com