‘ഹമാസ് കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഇസ്രയേൽ കഴുകനെയും പരുന്തിനെയും ഉപയോഗിച്ചു’
Mail This Article
ടെൽ അവീവ്∙ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലുകാരുടെ മൃതദേഹം കണ്ടെത്താൻ മാസം ഭക്ഷിക്കുന്ന പക്ഷികളെ ഉപയോഗപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. പരുന്ത്, കഴുകൻ തുടങ്ങിയ പക്ഷികളിൽ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ചു നടത്തിയ അന്വേഷണം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ഇസ്രയേൽ നേച്വർ ആൻഡ് പാർക്സ് അതോറിറ്റി അംഗമായ ഒഹദ് ഹാറ്റ്സോഫ് പറഞ്ഞു.
‘‘യുദ്ധം ആരംഭിച്ചപ്പോൾ ചില കരുതൽ സേനാംഗങ്ങൾ എന്നെ സമീപിച്ചിരുന്നു. എന്റെ പക്ഷികൾക്ക് ഏതെങ്കിലും വിധേന സഹായിക്കാൻ കഴിയുമോ എന്നവർ ചോദിച്ചു. കാണാതായ സേനാംഗങ്ങളെ കണ്ടെത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട സേനയിലെ ഒരു വിഭാഗത്തിന്റേതായിരുന്നു ഈ ആശയം’’– ഹാറ്റ്സോഫ് വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്ന ഗ്രിഫൺ കഴുകന്മാരെ ട്രാക്ക് ചെയ്യുന്ന ഒരു പദ്ധതിക്ക് ഹാറ്റ്‌സോഫ് നേതൃത്വം നൽകുന്നുണ്ട്. ചത്ത മൃഗങ്ങളെയാണ് ഇവ കൂടുതലായി ഭക്ഷിക്കുക. കഴുകന്മാരെ കൂടാതെ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന പരുന്ത്, മറ്റു പക്ഷികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പക്ഷികളുടെ ഇരപിടിക്കുന്ന രീതിയും ദേശാടന സ്വഭാവവും അവർ നേരിടുന്ന പാരിസ്ഥിതിക ഭീഷണിയും കണ്ടെത്തുന്നതിനായി നൂറു കണക്കിന് പക്ഷികളിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
‘‘അത്തരത്തിൽ അപൂർവമായി കാണപ്പെടുന്ന ഒരിനം കടൽ പരുന്ത് ഒക്ടോബർ 23ന് പടിഞ്ഞാറൻ റഷ്യയിലെ വേനൽക്കാലവാസത്തിനു ശേഷം ഇസ്രയേലിലേക്ക് തിരികെ എത്തുന്നതിന് ഒരു ദിവസം മുൻപ് ഗാസ മുനമ്പിലെ ബീരിയിൽ കാണപ്പെട്ടിരുന്നു. ഇതും സംബന്ധിച്ച് വിശദാംശങ്ങൾ ഞാൻ സേനയ്ക്കു കൈമാറിയ അവർ അവിടെ നിന്ന് നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്.’’– ഹാറ്റ്സോഫ് വിശദീകരിച്ചു. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 1400 േപരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്ക്.