ADVERTISEMENT

കൊച്ചി ∙ പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ടു.

എറണാംകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് ഹനീഫ ജനിച്ചത്. പിതാവ് ഹംസ, മാതാവ് സുബൈദ. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മിമിക്രിയിലും മോണോ ആക്ടിലും കഴിവു തെളിയിച്ച ഹനീഫനി അക്കാലത്തുതന്നെ സിനിമാക്കമ്പവുമുണ്ടായിരുന്നു.

പ്രീഡിഗ്രിക്കു ശേഷം പോസ്റ്റ് ഓഫിസ് ജീവനക്കാരനായും ഒരു ഹാർഡ് വെയർ കമ്പനിയുടെ സെയിൽസ് റപ്രസന്ററ്റീവായും പ്രവർത്തിച്ചു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തിരുന്നു. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിൻ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാൽ, ജയറാം, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ തുടങ്ങിയവർക്കൊപ്പം കലാഭവനിൽ പ്രവർത്തിച്ചു.

അവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയിൽ അവസരം കിട്ടിയത്. പിന്നീട് കലാഭവൻ വിട്ട് പിതാവിന്റെ ബിസിനസിലേക്കെത്തി. ഇടവേളകളിൽ റിലാക്സ് എന്ന ട്രൂപ്പിലും പ്രവർത്തിച്ചു. അക്കാലത്തും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പൂർണമായും സിനിമയിൽ ശ്രദ്ധിച്ചു. ഒപ്പം ടെലിവിഷൻ‌ പരമ്പരകളിലും പരിപാടികളിലും അഭിനയിച്ചു. അവ ഹനീഫിനെ കുടുംബസദസ്സുകൾക്കു പ്രിയപ്പെട്ട താരമാക്കി. സിനിമകളിൽ പലതിലും ചെറിയ വേഷങ്ങളായിരുന്നെങ്കിലും അവ പ്രേക്ഷകശ്രദ്ധ നേടി.

പറക്കും തളിക, പാണ്ടിപ്പട, നല്ലവൻ, തുറുപ്പുഗുലാൻ, ജനപ്രിയൻ, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്തകാലത്ത്, തത്സമയം ഒരു പെൺകുട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉസ്‌താദ് ഹോട്ടൽ, 2018 തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ജലധാര പമ്പ്സെറ്റ് ആണ് അവസാനം പുറത്തുവന്ന ചിത്രം. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.

English Summary:

Kalabhavan Haneef passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com