കണിച്ചുകുളങ്ങര കൊലക്കേസ്; സജിത്ത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളി: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Mail This Article
ന്യൂഡൽഹി∙ കണിച്ചുകുളങ്ങര കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത്ത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളിയാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യം തേടി ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന സജിത്ത് നൽകിയ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് ജാമ്യാപേക്ഷ സജിത്ത് കോടതിയില്‍ സമര്‍പ്പിച്ചത്. സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേത്. ബിസിനസ് എതിരാളിയായ രമേശിനെ കൊലപ്പെടുത്തിയ ശേഷം സജിത്ത് തന്‍റെ ഓഫിസില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. നിരാപരാധികളെയും സജിത്ത് കൊലപ്പെടുത്തി. ഹർജി പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹര്‍ഷദ് വി. ഹമീദ് കോടതിയില്‍ ഹാജരായി.
എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷും ലതയും ഡ്രൈവർ ഷംസുദ്ദീനും സഞ്ചരിച്ച കാറിൽ ലോറി ഇടിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതി ലോറി ഡ്രൈവർ ഉണ്ണി, ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ്ങ് ഡയറക്ടർമാരായ ചെറായി നൊച്ചിക്കാട്ട് സജിത്ത്, കളത്തിൽ ബിനീഷ് എന്നിവർ ഉൾപ്പെടെ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഹിമാലയ ഗ്രൂപ്പിന്റെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് രമേഷ് എവറസ്റ്റ് ചിട്ടി ഫണ്ട് എന്ന പേരിൽ സ്ഥാപനം തുടങ്ങിയത് തങ്ങൾക്ക് ഭീഷണിയാകുമെന്നു കരുതിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു കേസ്.