ADVERTISEMENT

മാനന്തവാടി∙ മയക്കുവെടി വച്ച് പിടികൂടി കർണാടകയ്ക്കു കൈമാറിയ കാട്ടാന ചരിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിടാൻ ശ്രമിക്കവെ ലോറിയിൽ കുഴഞ്ഞുവീണെന്നാണ് വിവരം.  

ഇതിനു പിന്നാലെയാണ് ആന ചരിഞ്ഞത്. ആനയുടെ കാലിനു പരുക്കുണ്ടായിരുന്നുവെന്ന് ഇന്നലെ കർണാടകയിൽനിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തിൽ കയറ്റുന്ന സമത്തു തന്നെ തീർത്തും അവശനായിരുന്നു. എന്നാൽ എന്താണ് മരണ കാരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തു വന്നിട്ടില്ല. 

കാട്ടാനയെ മയക്കുവെടിവച്ചതിനു പിന്നാലെ പിടികൂടാനുള്ള ശ്രമം തുടരുമ്പോള്‍. ചിത്രം:ജിതിൻ ജോയൽ ഹാരിം∙ മനോരമ.
കാട്ടാനയെ മയക്കുവെടിവച്ചതിനു പിന്നാലെ പിടികൂടാനുള്ള ശ്രമം തുടരുമ്പോള്‍. ചിത്രം:ജിതിൻ ജോയൽ ഹാരിം∙ മനോരമ.

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെനിന്നാണ് മാനന്തവാടിയിൽ എത്തിയത്. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടർന്ന് നീർജലീകരണം സംഭവിച്ചതായും ഇലക്‌ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ആന തുടർച്ചയായി മണ്ണ് വാരി എറിഞ്ഞതെന്നും സംശയമുണ്ട്.

ഇന്നലെ പുലർച്ചെയാണ് പായോട് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽനിന്നു മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന‌ു സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. 

ആന നിലയുറപ്പിച്ച സ്ഥലത്തിന് സമീപത്തായി തടിച്ചു കൂടിയ ജനം. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ.
ആന നിലയുറപ്പിച്ച സ്ഥലത്തിന് സമീപത്തായി തടിച്ചു കൂടിയ ജനം. ചിത്രം: ജിതിൻ ജോയൽ ഹാരിം∙ മനോരമ.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു. അതനുസരിച്ചാണ് ആനയെ ബന്ദിപ്പുർ വനത്തിലെത്തിച്ചത്. ആന ചരിഞ്ഞെന്ന വിവരം പുലർച്ചെയോടെയാണ് പുറത്തുവന്നത്.

English Summary:

Wayanad Wild Elephant Thaneer Komban Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com