മത്സരിക്കാൻ ജയയുടെ മുൻ എതിരാളി ഷിംല മുത്തുച്ചോഴനും, അണ്ണാഡിഎംകെയുടെ ഏക വനിതാ സ്ഥാനാർഥി
Mail This Article
ചെന്നൈ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ 32 സീറ്റുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്, തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കി അണ്ണാഡിഎംകെ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 16 സ്ഥാനാർഥികൾക്കു പുറമേ രണ്ടാംപട്ടികയിലെ 16 സ്ഥാനാർഥികളുടെ പേരും ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പുറത്തുവിട്ടു. പട്ടികയിൽ ഒരു വനിത മാത്രമാണുള്ളത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്കെതിരെ മത്സരിച്ച ഷിംല മുത്തുച്ചോഴനാണ് അണ്ണാഡിഎംകെയുടെ ഏക വനിതാ സ്ഥാനാർഥി. തിരുനെൽവേലിയിലാണു ഷിംല മത്സരിക്കുക.
2016ൽ ആർകെ നഗറിലെ ഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ച ഷിംലയെ 39,545 വോട്ടുകൾക്കാണ് ജയലളിത പരാജയപ്പെടുത്തിയത്. കഴിഞ്ഞ 7നാണ് ഷിംല അണ്ണാഡിഎംകെയിൽ ചേർന്നത്. 1996–2001 കരുണാനിധി സർക്കാരിൽ മന്ത്രിയായിരുന്ന എസ്.പി.സർഗുണ പാണ്ഡ്യന്റെ മരുമകൾ കൂടിയാണ് ഷിംല.
പുതുച്ചേരിയിലെ ഏക സീറ്റിലെയും നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിളവങ്കോട് സീറ്റിലെയും സ്ഥാനാർഥികളെ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംഡികെ 5 സീറ്റുകളിലും പുതിയ തമിഴകം, എസ്ഡിപിഐ എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും മത്സരിക്കും.