ഒപിഎസിനെ തഴഞ്ഞ് ബിജെപി, രാമനാഥപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഒപിഎസ്
Mail This Article
ചെന്നൈ ∙ എൻഡിഎ സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവത്തിന്(ഒപിഎസ്) സീറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്ന ബിജെപി, സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ കോയമ്പത്തൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിന്നാലെ, രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച ഒപിഎസ് താൻ രാമനാഥപുരം മണ്ഡലത്തിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരമാണു തീരുമാനമെന്നു ബിജെപിയുടെ പിന്തുണ ഇക്കാര്യത്തിലുണ്ടെന്നും ഒപിഎസ് അവകാശപ്പെട്ടു. ബിജെപി ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദേശം നേരത്തെ ഒപിഎസ് തള്ളിയിരുന്നു.
സ്വതന്ത്ര ചിഹ്നത്തിലാകും മൽസരം.
ഒപിഎസിനെ ഉൾപ്പെടുത്താതെ എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെയാണ് നാടകീയ നീക്കം. 39 സീറ്റുകളിൽ 20 സീറ്റുകളിൽ ബിജെപി നേരിട്ടു മൽസരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
ഓരോ സീറ്റു വീതം ലഭിച്ച ചെറുകക്ഷികളായ ഇന്ത്യ ജനനായക കക്ഷി, പുതിയ തമിഴകം, പുതിയ നീതി കക്ഷി, തമിഴക മക്കൾ മുന്നേറ്റ കഴകം, ഇന്ത്യ മക്കൾ കൽവി മുന്നേറ്റ കഴകം എന്നിവരും ബിജെപി ചിഹ്നത്തിൽ മൽസരിക്കും.
പിഎംകെ (10 സീറ്റ്), തമിഴ് മാനില കോൺഗ്രസ് (3), അമ്മ മക്കൾ മുന്നേറ്റ കഴകം (2) എന്നിവർ സ്വന്തം പാർട്ടി ചിഹ്നത്തിലാണു മൽസരിക്കുന്നത്. സീറ്റുകളൊന്നും ബാക്കിയില്ലെന്നിരിക്കെയാണ് ഒപിഎസ് രാമനാഥപുരത്തു മൽസരിക്കുമെന്ന് അറിയിച്ചത്. ഒപിഎസിന്റെ പ്രഖ്യാപനത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല.
തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്.ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജൻ സൗത്ത് ചെന്നൈയിലും കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ നീലഗിരിയിലും മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിലും സ്ഥാനാർഥികളാകും.