ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുഖ്യ സൂത്രധാരനാണെന്ന ഇ.ഡി ‘കണ്ടെത്തലിനെ’ രൂക്ഷമായി വിമർശിച്ച് എഎപി രംഗത്ത്. കേസിൽ ആദ്യം പ്രതിയായിരുന്ന ശരത്ചന്ദ്ര റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായെന്നു ചൂണ്ടിക്കാണിച്ച എഎപി നേതാക്കൾ, ഇയാൾ ബിജെപി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നും ആരോപിച്ചു. ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി അക്കൗണ്ടിലേക്ക് 55 കോടി രൂപയാണ് നൽകിയത്. പണം വന്ന വഴി അന്വേഷിക്കാൻ ഇ.ഡി തയാറാണോയെന്ന് എഎപി വെല്ലുവിളിച്ചു.

‘‘കഴിഞ്ഞ 2 വർഷമായി ഇ.ഡിയും സിബിഐയും നടത്തുന്ന അന്വേഷണത്തിൽ എഎപി നേതാക്കൾ അനധികൃതമായി പണം സമ്പാദിച്ചെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അപ്പ‌ോൾ പണം എവിടെ പോയി? ശരത് ചന്ദ്ര റെഡ്ഡിയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിൽ കേജ്‌രിവാളിനെ അറസ്റ്റു ചെയ്തു. അരബിന്ദോ ഫാർമയുടെ ഉടമയായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടുവഴി ബിജെപിക്ക് പണം നൽകി. 55 കോടി രൂപയാണ് അരബിന്ദോ ഫാർമ ബിജെപിക്ക് നൽകിയത്.

2022 നവംബറിൽ കേസുമായി ബന്ധപ്പെട്ട് ‌ശരത് ചന്ദ്ര റെഡ്ഡിയെ ചോദ്യം ചെയ്തു. കേജ്‌രിവാളിനെ ഒരിക്കൽപോലും കണ്ടിട്ടില്ലെന്ന് അയാൾ മൊഴി നൽകി. പിന്നാലെ അയാളെ അറസ്റ്റു ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നശേഷം അയാൾ മൊഴിമാറ്റി പറഞ്ഞു. കേജ്‌രിവാളുമായി മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും പറഞ്ഞു. പിന്നാലെ അയാൾക്ക് ജാമ്യം നൽകി. എന്നാൽ പണം എവിടെ പോയി?’’ –ഡൽഹി മന്ത്രി അതിഷി പറഞ്ഞു

ഇലക്ടറൽ ബോണ്ടുകളേക്കുറിച്ച് സുപ്രീംകോടതിയിൽ ചർച്ച ആരംഭിച്ചപ്പോൾ ബിജെപിയും എസ്ബിഐയും തിരഞ്ഞെടുപ്പു കമ്മിഷനും വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ എല്ലാം പുറത്തുവന്നപ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങളാണെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com