ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ തെളിവുകൾ നിരത്തി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) യുടെ കസ്റ്റഡി അപേക്ഷ. ഗൂഢാലോചനയുടെ കേന്ദ്രം കേജ്‌രിവാളിന്റെ വസതിയാണെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. മദ്യവ്യവസായി മഗുണ്ട റെഡ്ഡി കേജ്‌രിവാളിനെ വീട്ടിലെത്തി കണ്ടു. കവിതയുമായി ഡീൽ ഉറപ്പിച്ചതായി കേജ്‌രിവാൾ പറഞ്ഞതായും മൊഴിയുണ്ട്. കെ. കവിതയും മഗുണ്ട റെഡ്ഡിയും കേജ്‌രിവാളിനു പണം നൽകി. കേജ്‌രിവാളിനു നൽകാൻ കവിത 50 കോടി രൂപ ആവശ്യപ്പെട്ടു. അതിൽ 25 കോടി രൂപ നൽകിയതായും മഗുണ്ട റെഡ്ഡിയുടെ മകന്റെ മൊഴിയിൽ പറയുന്നു. കേജ്‌രിവാളിനെ ഇന്ന് കെ. കവിതയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും.

അരവിന്ദ് കേജ്‌രിവാളിനു നീതിപൂർണമായ വിചാരണയ്ക്ക് അവകാശം ഉണ്ടെന്നു ജർമനി പ്രതികരിച്ചു. ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം ഉറപ്പാക്കണമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കേജ്‌രിവാളിനെ സിബിഐയും അറസ്റ്റ് ചെയ്തേക്കും. ഇ.ഡി കസ്റ്റഡി അവസാനിച്ചാൽ സിബിഐ കസ്റ്റഡിയിലെടുക്കും. കസ്റ്റഡിയിൽ ലഭിക്കാൻ സിബിഐ അപേക്ഷ നൽകും.

‌കഴിഞ്ഞ ദിവസം അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി 28 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡി റിമാൻഡ് ആവശ്യപ്പെട്ടുള്ള ഇ.ഡി അപേക്ഷയിൽ മൂന്നര മണിക്കൂറോളം വാദം കേട്ട പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കസ്റ്റഡി അനുവദിച്ചു വിധി പറഞ്ഞത്.

ഡൽഹിയിൽ വൻ പ്രതിഷേധങ്ങൾക്കിടെയാണു ഇന്നലെ റൗസ് അവന്യൂ കോടതിയിൽ ഉച്ചയ്ക്കു രണ്ടിനു അരവിന്ദ് കേജ്‌രിവാളിനെ ഹാജരാക്കിയത്. വിചാരണയ്ക്കിടെ രക്തസമ്മർദം കുറഞ്ഞതോടെ കേജ്‌രിവാളിനെ കോടതിയിലെ വിശ്രമമുറിയിലേക്കു മാറ്റിയിരുന്നു. വാദത്തിനുശേഷം അഭിഭാഷകരുമായി ആശയവിനിമയം നടത്താനും കോടതി അദ്ദേഹത്തെ അനുവദിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും എഎപി അംഗമായ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നു അരവിന്ദ് കേജ്‌രിവാൾ കോടതിയിൽനിന്നു പുറത്തേക്കു വരുമ്പോൾ പ്രതികരിച്ചു.

English Summary:

Arvind Kejriwal ED Arrest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com