ബിജെപിയിൽനിന്നുള്ളവരെ വെറുക്കരുത്, അവർ സഹോദരീസഹോദരന്മാർ; കേജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
Mail This Article
ന്യൂഡൽഹി∙ സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയിൽനിന്നുള്ളവരെ വെറുക്കരുതെന്നും ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേജ്‌രിവാളിന്റെ ഭാര്യ സുനിതയാണ് അദ്ദേഹത്തിന്റെ സന്ദേശം വായിച്ചത്.
‘‘സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബിജെപിയിൽനിന്നുള്ള ആളുകളെ വെറുക്കരുത്. അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരും. എന്റെ വാഗ്ദാനങ്ങൾ നിറവേറ്റും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ട്’’ – കത്തിൽ കേജ്‌രിവാൾ പറഞ്ഞു.
പുറത്തായാലും അകത്തായാലും രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണു താൻ ജീവിതം സമർപ്പിച്ചിട്ടുള്ളത്. രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. എന്നും വാഗ്ദാനങ്ങൾ താൻ പാലിച്ചിട്ടുണ്ടെന്നു പറഞ്ഞ കേജ്‌രിവാൾ സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പും നൽകി. പോരാടുന്നതിനു വേണ്ടിയാണു താൻ ജനിച്ചത്. ഭാവിയിലും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ അദ്ദേഹം പറയുന്നു.
ഇഡി അറസ്റ്റുചെയ്ത കേജ‍്‌രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.