ADVERTISEMENT

ചെന്നൈ ∙ മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘രാഷ്ട്രീയത്തിൽ മതം കലര്‍ത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം’’ – മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ തന്റെ നിലപാടു വ്യക്തമാക്കിയത്.

പ്രതിഷേധ സൂചകമായി ഡിസംബറിൽ നടക്കുന്ന സംഗീത അക്കാദമിയുടെ വാർഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നു രഞ്ജിനി-ഗായത്രി സഹോദരിമാർ പ്രഖ്യാപിച്ചിരുന്നു. ഇവർക്കു പിന്നാലെ തൃശൂർ സഹോദരരായ ശ്രീകൃഷ്ണ മോഹൻ - രാംകുമാർ മോഹൻ എന്നിവരും ഗായകൻ വിശാഖ ഹരിയും ഉൾപ്പെടെയുള്ളവർ കൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തി. മ്യൂസിക് അക്കാദമി സംഗീതോത്സവം ബഹിഷ്കരിക്കുമെന്ന് ഇവർ അറിയിച്ചു. 2017ൽ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരൺ പ്രതിഷേധ സൂചകമായി പുരസ്കാരം തിരികെ നൽകുമെന്ന് എക്സിൽ അറിയിച്ചു.

ടി.എം. കൃഷ്ണയ്ക്കു പിന്തുണ നൽകിയും പലരും രംഗത്തെത്തി. ഒരു കലാകാരനെ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ വേർതിരിക്കാനാവില്ലെന്നു നേരത്തെ ചെന്നൈയിലെ മുക്കുവ ഗ്രാമത്തിൽ കച്ചേരി നടത്തിയ കൃഷ്ണയ്‌ക്കൊപ്പം പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ നിത്യാനന്ദ് ജയരാമൻ പറഞ്ഞു. ഈ വിഷയത്തിൽ മ്യൂസിക് അക്കാദമി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഗായിക ചിന്മയിയും കൃഷ്ണയെ പിന്തുണച്ച് രംഗത്തെത്തി.

English Summary:

Don't mix music and politics; MK Stalin supports TM Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com