കരുവന്നൂർ: ഇ.ഡി കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണം, സർക്കാർ ഹൈക്കോടതിയിൽ
Mail This Article
കൊച്ചി∙ കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇ.ഡിക്കും നിർദേശം നൽകണമെന്ന് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി നേരത്തെ തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ വിചാരണക്കോടതി നടപടി നിയമവിരുദ്ധമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു. ഈ കേസിൽ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നുമായിരുന്നു മാർച്ച് 18 ന് ഹൈക്കോടതി പറഞ്ഞത്. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷണങ്ങൾ നടത്തിയത്. അലി സാബ്രിയുടെ ഉൾപ്പെടെ എല്ലാ കുറ്റപത്രങ്ങളും ഹാജരാക്കാനും ഹൈക്കോടതി അന്ന് നിർദേശിച്ചിരുന്നു.