ADVERTISEMENT

മാനന്തവാടി∙ കാട്ടുമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. പടമലയിൽ കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയിൽ അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടിനും കാട്ടുമൃഗങ്ങൾക്കും കൊടുക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം മനുഷ്യർക്ക് കൊടുക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണം. കാട്ടുമൃഗങ്ങൾക്കു ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതി സംരക്ഷിക്കപ്പെടണം. ഇതിനൊന്നും സഭ എതിരല്ല. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്നത്ര പോലും മനുഷ്യർ സംരക്ഷിക്കപ്പെടാതെ വരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ഇവിടെ വന്ന് അനുശോചനം പറഞ്ഞതുകൊണ്ടോ സർക്കാർ വന്ന് അനുശോചനം പറഞ്ഞതുകൊണ്ടോ  അജീഷിന്റെ കുടുംബത്തിന്റെ ദുഖം തീരില്ല. അജീഷിനെ കൊന്ന ആന അപകടകാരിയാണ് എന്നാണ് മനസിലാക്കിയത്. അങ്ങനെയുള്ള ആന നാടുചുറ്റാനും മനുഷ്യരെ ആക്രമിക്കാനും പാടില്ല. അത്തരം ആനകളെ പിടിച്ച് ആന പരിരക്ഷണ കേന്ദ്രങ്ങളിൽ ഏൽപ്പിക്കണം. ഞാൻ തൃശൂരിൽ നിന്നാണ് വരുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിൽ നാൽപ്പതോളം ആനകളുണ്ട്. അവയെല്ലാം ഭംഗിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. അക്രമകാരികളായ ആനകളെ ഇത്തരം കേന്ദ്രങ്ങളിലാക്കണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പിശുക്ക് പാടില്ല. മാത്രമല്ല ഒരു തുക നൽകിയിട്ട് കുടുംബത്തിന്റെ ദുഃഖം പരിഹരിച്ചു എന്നു പറയുന്നത് ശരിയല്ല. കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനെക്കുറിച്ചും പ്രായമായവർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം. അല്ലാതെ കുടുംബത്തിനു പണക്കിഴി കൊടുത്തതുകൊണ്ട് പ്രശ്നപരിഹാരമാകുന്നില്ല. ഒരു വീട് കൊള്ളചെയ്യപ്പെട്ടാൽ പ്രതിയെ ശിക്ഷിക്കാൻ വകുപ്പുണ്ട്. ഒരു കുടുംബത്തെ മുഴുവൻ അനാഥമാക്കിയ ആനയെ ശിക്ഷിക്കണമെന്ന അഭിപ്രായമില്ല. എന്നാൽ അതിനെ നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കണം’ – മാർ റാഫേൽ തട്ടിൽ പറഞ്ഞു. കാട്ടാന ചവിട്ടിക്കൊന്ന പാക്കം പോളിന്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയായ ശരത്തിന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി. 

English Summary:

Humans should be protected more than forests and wild animals: Arch Bishop Mar Raphael Thattil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com