ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷവും കവർന്നു: രാജസ്ഥാൻ സ്വദേശികൾ റിമാൻഡിൽ
Mail This Article
ആറ്റിങ്ങൽ∙ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷവും കവർന്ന സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് പിടികൂടിയ രാജസ്ഥാൻ സ്വദേശികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജസ്ഥാനിലെ കേക്കരി ജില്ലയിൽ ഭിനായി എന്ന ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ കിഷൻ ലാൽ ബഗാരിയ ( 20) , സൺവർലാൽ ബഗാരിയ (25) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ രണ്ട് പ്രതികൾ കൂടി ഉള്ളതായാണ് പൊലീസ് നൽകുന്ന സൂചന. ഇവർ ഒളിവിലാണ്.വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപം ഡിസംബർ ഡിലൈറ്റിൽ ഡെന്റൽ സർജൻ ഡോ.അരുൺ ശ്രീനിവാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 6ന് രാത്രി ഒൻപതരയോടെയാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടുകാർ വർക്കലയിൽ പോയിരുന്ന സമയത്തായിരുന്നു കവർച്ച. വീടിന്റെ മുൻ വാതിൽ കുത്തി തുറന്ന് അകത്തു കടന്ന സംഘം കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നു.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കവർച്ച സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്നും പ്രതികൾ പിടിയിലാകുന്നത്.