‘പരമാധികാരത്തെ ബഹുമാനിക്കണം’: കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചതിന് യുഎസിനോട് അതൃപ്തി അറിയിച്ച് ഇന്ത്യ
Mail This Article
ന്യൂഡല്‍ഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ 40 മിനിറ്റോളം ചര്‍ച്ച നടത്തി. അനാരോഗ്യകരമായ പ്രവണതയാണിതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മറ്റു രാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തരവിഷയങ്ങളും ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് അനാരോഗ്യകരമായ പ്രവണതകള്‍ക്കു വഴിവയ്ക്കുമെന്നും വിദേശകാരമന്ത്രാലയ വക്താവ് അറിയിച്ചു.
കേജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ നിരീക്ഷിക്കുകയാണെന്നും നീതിപൂര്‍ണവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികള്‍ അരവിന്ദ് കേജ്‌രിവാളിനു ലഭിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതികരിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണു സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഔദ്യോഗിക വക്താവിന്റെ പ്രതികരണം.
കേജ്‌രിവാളിന്റെ അറസ്റ്റ് വിഷയത്തില്‍ നേരത്തെ ജര്‍മനിയും പ്രതികരിച്ചിരുന്നു. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജര്‍മനിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.