ബിജെപി സഖ്യകക്ഷി നേതാവ് നോട്ടുകെട്ടിനൊപ്പം കിടക്കുന്ന ചിത്രം വൈറൽ; പാർട്ടിയുമായി ബന്ധമില്ലെന്ന് വിശദീകരണം
Mail This Article
ഗുവാഹത്തി∙ അസമിലെ രാഷ്ട്രീയ നേതാവ് ബെഞ്ചമിൻ ബസുമതാരി നോട്ടുകെട്ടുകൾക്കൊപ്പം കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വൻ വിവാദം. ബിജെപി സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) നേതാവാണു ബസുമതാരി. വിവാദമുയർന്നതോടെ ബസുമതാരിയെ ജനുവരി 10ന് സസ്പെൻഡ് ചെയ്തതാണെന്നും ഇയാൾക്കു പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നത് 5 വർഷം മുൻപത്തെ ചിത്രമാണെന്നും യുപിപിഎൽ പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു.
‘‘യുപിപിഎലിന്റെ ഹരിസിംഘ ബ്ലോക്ക് കമ്മിറ്റിയിൽനിന്നു ജനുവരി 5ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണ്. നിലവിൽ പ്രചരിക്കുന്ന ചിത്രം 5 വർഷം മുൻപ് ബസുമതാരി സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷ വേളയിൽ പകർത്തിയതാണ്. അയാളുടെ സഹോദരിയുടെ പണമാണത്. ഈ ചിത്രം പുറത്തുവിടുമെന്നു മുൻപ് ഇയാൾക്കു നേരെ ഭീഷണിയുണ്ടായിരുന്നു. ബസുമതാരിയുടെ പ്രവൃത്തികൾക്ക് അയാൾ മാത്രമാണ് ഉത്തരവാദി’’ – പ്രമോദ് ബോറോ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രതി ചേർക്കപ്പെട്ടയാളാണ് ബെഞ്ചമിൻ ബസുമതാരി. പിഎംഎവൈ, തൊഴിലുറപ്പു പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളിൽനിന്ന് ഇയാൾ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ട്. ഉദൽഗിരി ജില്ലയിലെ വില്ലേജ് കൗൺസിൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (വിസിഡിസി) ചെയർമാനാണ് ബസുമതാരി. ബോഡോലാൻഡ് പാർട്ടിയായ യുപിപിഎൽ അഴിമതിക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചുവരുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ചിത്രം വൈറലായതോടെ പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റു. ഇതോടെയാണു പാർട്ടി അധ്യക്ഷൻ വിശദീകരണവുമായി രംഗത്തുവന്നത്. വിസിഡിസി ചെയർമാന്‍സ്ഥാനത്തുനിന്ന് ഇയാളെ നീക്കിയതായും പാർട്ടി വ്യക്തമാക്കി.