കങ്കണയ്ക്ക് എതിരായ പരാമർശം: കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് സീറ്റില്ല, മഹാരാജ്ഗഞ്ചിൽ വിരേന്ദ്ര ചൗധരി
Mail This Article
ന്യൂഡൽഹി∙ ബിജെപി ലോക്സഭാ സ്ഥാനാർഥി കങ്കണ റണൗട്ടിനെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിലെ മഹാരാജ്‍ഗഞ്ച് സീറ്റിൽ വേറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. വിരേന്ദ്ര ചൗധരിയാണ് ഇവിടെനിന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക.
2019ൽ മഹാരാജ്ഗഞ്ച് സീറ്റൽനിന്നും മത്സരിച്ച സുപ്രിയ ബിജെപിയുടെ പങ്കജ് ചൗധരിയോടു പരാജയപ്പെട്ടിരുന്നു. ഹിമാചലിലെ മണ്ഡിയിൽ ബിജെപി കങ്കണയെ സ്ഥാനാർഥിയാക്കിയതിനു പിന്നാലെയാണു കങ്കണയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി സുപ്രിയ തന്നെ രംഗത്തെത്തിയിരുന്നു.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരവധി പേർ കൈകാര്യം ചെയ്യുന്നുണ്ടെന്നും അതിലൊരാളാണു പോസ്റ്റ് പങ്കുവച്ചതെന്നുമായിരുന്നു സുപ്രിയയുടെ വിശദീകരണം. ‘‘സംഭവം അറിഞ്ഞ ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഒരു സ്ത്രീക്ക് എതിരെ വ്യക്തിപരമായതോ മാന്യമല്ലാത്തതോ ആയ കമന്റുകൾ നടത്താൻ എനിക്കാവില്ലെന്ന് എന്നെ നന്നായി അറിയാവുന്നവർക്ക് അറിയാം. ഇതെങ്ങനെ സംഭവിച്ചെന്ന് എനിക്ക് അറിയണം.’’–സുപ്രിയ പറഞ്ഞു.
വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിയയ്ക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ബുധനാഴ്ചയാണ് കോൺഗ്രസ് തങ്ങളുടെ എട്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നായി 14 സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ഇതോടെ ഇതുവരെ 208 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.