ഉവൈസിക്കെതിരെ സാനിയ മിർസ? ഹൈദരാബാദിൽ അപ്രതീക്ഷിത നീക്കത്തിന് കോൺഗ്രസ്
Mail This Article
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.
സാനിയ മിർസയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹായമാകുമെന്നാണു വിലയിരുത്തൽ. 1980ൽ കെ.എസ്. നാരായണൻ ആണ് ഹൈദരാബാദിൽ വിജയിച്ച അവസാന കോൺഗ്രസ് നേതാവ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാർഥിയായി സാനിയ മിർസയുടെ പേര് നിർദ്ദേശിച്ചതെന്നാണു റിപ്പോർട്ട്. അസ്ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദ്ദുദീൻ സാനിയ മിർസയുടെ സഹോദരി അനം മിർസയെ 2019ൽ വിവാഹം കഴിച്ചിരുന്നു.
അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ അസറുദ്ദീൻ മത്സരിച്ചെങ്കിലും ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) മാഗന്തി ഗോപിനാഥിനോടു 16,000 വോട്ടുകൾക്കു പരാജയപ്പെട്ടു. പതിറ്റാണ്ടുകളായി എഐഎംഐഎമ്മിന്റെ ശക്തികേന്ദ്രമാണു ഹൈദരാബാദ്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തരംഗം പാർട്ടിക്കു പ്രതീക്ഷ നൽകുന്നു.
1984ൽ സുൽത്താൻ സലാഹുദ്ദീൻ ഉവൈസി ഹൈദരാബാദ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും പിന്നീട് 1989 മുതൽ 1999 വരെ എഐഎംഐഎം സ്ഥാനാർഥിയായും വിജയിച്ചു. അദ്ദേഹത്തിനുശേഷം 2004 മുതൽ അസദ്ദുദ്ദീൻ ഉവൈസിയാണ് ഹൈദരാബാദ് സീറ്റ് കൈവശം വച്ചിരിക്കുന്നത്. 2019ൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 58.94% നേടിയാണ് ഉവൈസി വിജയിച്ചത്.