നിറംമാറി നവനീത് റാണ; ‘ലവ് ഇൻ സിംഗപ്പുർ’ നായിക അമരാവതിയിൽ ബിജെപി സ്ഥാനാർഥി
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് – എൻസിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ ബിജെപി സ്ഥാനാർഥി. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബുധനാഴ്ച രാത്രിയാണു നവനീത് റാണയ്ക്കു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലേ പാർട്ടി അംഗത്വം നൽകിയത്. നാഗ്പുരിലെ ബവൻകുലെയുടെ വസതിയിൽ അമരാവതി, നാഗ്പുർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് അവർ ബിജെപിയിൽ ചേർന്നത്. ഭർത്താവും എംഎൽഎയുമായ രവി റാണയും ഒപ്പമുണ്ടായിരുന്നു.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ചയാണ് അമരാവതി മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. ഏപ്രിൽ 4ന് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബവൻകുലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്നു ബവൻകുലെയുടെ വസതിയിൽ അർധരാത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നവനീത് റാണ പറഞ്ഞു.
ബിജെപിയിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച നവനീത്, ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്ന 400 സീറ്റുകളിൽ അമരാവതി മണ്ഡലവും ഉൾപ്പെടുമെന്ന് ഉറപ്പുനൽകുന്നതായും പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദർശനത്തെ പിന്തുണയ്ക്കാനാണു നവനീത് റാണ ബിജെപിയിൽ ചേർന്നതെന്ന് ബവൻകുലെ പറഞ്ഞു.
∙ ആരാണ് നവനീത് റാണ?
സിനിമയിൽനിന്നാണ് നവനീത് റാണ രാഷ്ട്രീയത്തിലെത്തിയത്. മമ്മൂട്ടിയുടെ ലവ് ഇൻ സിംഗപ്പുർ എന്ന ചിത്രത്തിലെ നായികയായ നവനീത് ഒട്ടേറെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയായ നവനീത് റാണ, ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മോഡലിങ് രംഗത്തേക്കു പ്രവേശിച്ചു. നിരവധി സംഗീത വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ സിനിമയിലെത്തി.
രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2014ൽ എൻസിപി ടിക്കറ്റിൽ അമരാവതിയിൽനിന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട്, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ പിന്തുണയോടെയാണു സ്വതന്ത്രയായി മൽസരിച്ചു ജയിച്ചത്. ഏറെനാളായി ഇവരും സ്വതന്ത്ര എംഎൽഎയുമായ രവി റാണെയും ബിജെപിയോടാണ് ആഭിമുഖ്യം പുലർത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ബിജെപിയിലെത്തിയത്.
2021ൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനു നവനീത് റാണയ്ക്ക് ബോംബെ ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ മാസം വാദം പൂർത്തിയാക്കി. അടുത്തയാഴ്ച വിധി പറയുമെന്നു പ്രതീക്ഷിക്കുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ഹനുമാൻ സ്തുതി അർപ്പിക്കുമെന്ന ഇവരുടെ പ്രഖ്യാപനത്തെത്തുടർന്നുണ്ടായ സംഘർഷത്തിനു പിന്നാലെ 2022 ഏപ്രിൽ 23ന് നവനീത് കൗർ റാണയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും പിന്നീട് ജാമ്യം അനുവദിച്ചു.