കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു; ലാപ്ടോപ് മോഷണം തുടങ്ങി ഐടി ജീവനക്കാരി, അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ 10 ലക്ഷം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഐടി ജീവനക്കാരി ജസ്സി അഗർവാളാണ് (26) വരുമാനമാർഗം കണ്ടെത്തുന്നതിനായി ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിൽക്കാൻ ആരംഭിച്ചത്.
ഐടി പ്രഫഷണലായ ഇവർ നോയിഡയിൽ നിന്നും ബെംഗളൂരുവിലേക്ക് ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. എന്നാൽ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതോടെ വരുമാനത്തിനായി പേയിങ് ഗെസ്റ്റ് താമസസൗകര്യങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച് സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു. ചാർജ് ചെയ്യുന്നതിനായി ഇടുന്ന ലാപ്ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്.
തന്റെ ഉടമസ്ഥതയിലുള്ള പേയിങ് ഗെസ്റ്റ് താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപ്പുകൾ നഷ്ടപ്പെട്ടതായി ബെംഗളുരുവിലെ ഒരു പിജി ഉടമ നൽകിയ പരാതിയെ തുടർന്നാണ് ഇവർ പിടിയിലായത്. സിസിടിവി ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജസ്സിയെ തിരിച്ചറിയുകയായിരുന്നു. മാർച്ച് 24ന് ജസ്സിയെ പൊലീസ് അറസ്റ്റുചെയ്തു.