സിപിഐയ്ക്കും തൃണമൂലിനും ആദായനികുതി വകുപ്പ് നോട്ടിസ്; പിഴയായി 11 കോടി അടയ്ക്കണം
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടിസ്. 11 കോടി രൂപ അടയ്ക്കാൻ നിർദേശിച്ചാണ് നോട്ടിസ് അയച്ചത്. പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തതെന്നും ഇതിന്റെ പിഴയും പലിശയും അടക്കം 11 കോടിയോളം രൂപ കുടിശികയുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ അഭിപ്രായം തേടാനൊരുങ്ങുകയാണെന്ന് സിപിഐ പ്രതികരിച്ചു. നേരത്തേ കോൺഗ്രസിനും ഇത്തരത്തിൽ ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,700 കോടിയുടെ നോട്ടിസാണ് കോണ്‍ഗ്രസിന് നല്‍കിയത്. നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖ പറഞ്ഞു.
കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വകുപ്പിന്റെ നീക്കം. കഴിഞ്ഞ 72 മണിക്കൂറിനിടെ 11 നോട്ടിസുകൾ ആദായ നികുതി വകുപ്പിൽനിന്ന് ലഭിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലയും അറിയിച്ചു.