കേരളം സുപ്രീംകോടതി വാദത്തിന് ചെലവാക്കുന്നത് കോടികൾ; കപിൽ സിബലിന്റെ ഫീസ് 2.35 കോടിരൂപ
Mail This Article
തിരുവനന്തപുരം∙ സുപ്രീം കോടതിയിൽ കേരളത്തിനായി ഹാജരാകുന്ന അഭിഭാഷകർക്കായി ചെലവഴിക്കുന്നത് കോടികൾ. കേരള സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടത് 2.35 കോടി രൂപ. 75 ലക്ഷം രൂപ ഇതുവരെ അനുവദിച്ചു. കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കേന്ദ്രസർക്കാരിനെതിരെ കപിൽ സിബൽ ഹാജരായത്. 2021 മേയ് മുതൽ ഇതുവരെ നിയമോപദേശത്തിനായി 93.90 ലക്ഷംരൂപ സർക്കാർ ചെലവഴിച്ചു. ഈ കാലയളവിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർക്കായി 8.25 കോടി രൂപ ചെലവഴിച്ചതായും അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. പെരിയ, ഷുഹൈബ് കേസുകൾക്ക് പുറമേയാണ് ഇപ്പോൾ വിവരാവകാശം വഴി പുറത്തുവന്നിരിക്കുന്ന കണക്കുകൾ
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകർക്കു വേണ്ടി സർക്കാർ മുടക്കിയത് 96,34,261 രൂപയാണ്. അഭിഭാഷക ഫീസായി 86.40 ലക്ഷവും ഇവർക്കു വിമാന യാത്രയ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയും ചെലവഴിച്ചു. കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഇറക്കിയത് പുറത്തു നിന്നുള്ള അഭിഭാഷകരെ. പെരിയ കേസിൽ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ.
ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയിൽ പെരിയ കേസിൽ സർക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദർ സിങ്ങിനു നൽകി. ഷുഹൈബ്, പെരിയ കേസുകളിൽ പ്രതികളായ സിപിഎമ്മുകാർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്ന് സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. 2018 ഫെബ്രുവരി 12നാണ് എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു ഷുഹൈബ്. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.
∙ നിയമോപദേശത്തിനായി അഭിഭാഷകർക്കു നൽകിയ തുക (2021–2023)
കെ.കെ.വേണുഗോപാൽ–15 ലക്ഷം
മദൻ ബി.ലോകുർ–24ലക്ഷം
മുഹമ്മദ് നിസാമുദ്ദീൻ പാഷ–8ലക്ഷം
ഫാലി എസ്.നരിമാൻ–30ലക്ഷം
സുബാഷ് ശർമ–9.90ലക്ഷം
സഫീർ അഹമ്മദ്–4ലക്ഷം
വിനോദ് കെ.ആനന്ദ് (ക്ലർക്ക്)–3ലക്ഷം
∙സുപ്രീംകോടതിയിൽ ഹാജരായവരുടെ ഫീസ്
ആർ.ബസന്ത്–14.30ലക്ഷം, സി.എൻ.ശ്രീകുമാർ–1.76ലക്ഷം, ജയ്ദീപ് ഗുപ്ത–2.14 കോടി, വി.ഗിരി–17.35ലക്ഷം, രഞ്ജിത് കുമാർ– 77ലക്ഷം, പി.വി.സുരേന്ദ്രനാഥ്–19.36ലക്ഷ, കെ.വി.വിശ്വനാഥൻ–18.80ലക്ഷം, കെ.എൻ.ബാലഗോപാൽ–24.20ലക്ഷം, ഹരിൻ പി.റാവൽ–21.45ലക്ഷം, പല്ലവ് സിസോദിയ–55 ലക്ഷം, ആർ. വെങ്കിട്ടരമണി–2.50ലക്ഷം, പ്രതാപ് സുദർശൻ–66000, കെ.കെ.വേണുഗോപാൽ–1.42കോടി, കബിൽ സിബൽ–1.11കോടി, ചന്ദർ ഉദയ് സിങ്–19ലക്ഷം, നവീൻ ആർ.നാഥ്–5.35ലക്ഷം നീരജ് കൃഷ്ണൻ കൗൾ–5.50ലക്ഷം, ജയനാഥ് മുത്തുരാജ്–21.12ലക്ഷം, രഞ്ജിത്ത് കുമാർ–11ലക്ഷം, സന്തോഷ് പോൾ–88000, പി.എൻ.രവീന്ദ്രൻ–2.64ലക്ഷം, എ.മൗലിക്–8ലക്ഷം, രാജേഷ് ദ്വിവേദി–25ലക്ഷം, വി.ചിദംബരേഷ്–2.20ലക്ഷം, രഞ്ജിത് തമ്പാൻ–4.40ലക്ഷം.