ADVERTISEMENT

കൊച്ചി ∙ യുജിസി വിജ്ഞാപന പ്രകാരം പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചു പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി എംജി സർവകലാശാല പ്രവേശന പരീക്ഷ നടത്തുന്നത് പിൻവാതിൽ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകൾ തുടരാനാണെന്ന് ആക്ഷേപം. നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച്ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃത സർവകലാശാലകൾ പ്രവേശനം നൽകിയതായും പരാതിയുണ്ട്.

സർവകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകൾ ഉപയോഗിച്ച് എസ്എഫ്ഐ നേതാക്കൾ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നുണ്ടെന്നും, പിൻവാതിൽ പിഎച്ച്ഡി പ്രവേശനം തടയാൻ സഹായകമായ യുജിസിയുടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ എല്ലാ വിസിമാർക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകൾ പിഎച്ച്ഡി പ്രവേശന പ്രക്രിയയിൽ  വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നു എന്ന അനുമാനത്തിലാണ് യുജിസി പുതിയ പരിഷ്കാരം നടപ്പാക്കിയത്.  ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക്  ജെആർഎഫ് നൽകി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും, അസിസ്റ്റന്റ് പ്രഫസർ ആകാനുള്ള അവസരവും യുജിസി വിഭാവനം ചെയ്യുന്നു.  തൊട്ടടുത്ത വിഭാഗത്തിൽ മാർക്ക് സ്കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രഫസർ ആകാനും പിഎച്ച്ഡി പ്രവേശനത്തിനും അവസരം ലഭിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൂന്നാമതൊരു വിഭാഗം നെറ്റ് യോഗ്യത നൽകിക്കൊണ്ട് പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അവസരം സൃഷ്ടിക്കുന്ന സാഹചര്യമാണ് പ്രത്യേകത.

ഗവേഷണ സ്ഥാപനങ്ങൾ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പിഎച്ച്ഡി പ്രവേശനം നൽകേണ്ടതെന്നും യുജിസി വിസിമാർക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. നെറ്റ് സ്കോറിനോടൊപ്പം 30 ശതമാനം മാർക്ക്‌ ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയാറാക്കേണ്ടത്. എന്നാൽ ഈ ഉത്തരവിന്  വിരുദ്ധമായാണ്‌ മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ എംജി സർവകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. സർവകലാശാലയിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലുമായി 1544 ഒഴിവുകളാണ് ഉള്ളത്.

English Summary:

Save University Campaign Filed Compliant to Governor Regrading Inappropriate PhD Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com