‘400 അല്ല, 200 സീറ്റെങ്കിലും നേടാൻ വെല്ലുവിളിക്കുന്നു’; ബിജെപിയെ പരിഹസിച്ച് മമത
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ ബിജെപിയെ വെല്ലുവിളിച്ചാണ് മമതയുടെ പരിഹാസം.
‘‘ബിജെപിക്കാര്‍ പറയുന്നത് '400 പാര്‍' (400–ലേറെ) എന്നാണ്. ആദ്യം 200 സീറ്റ് എന്ന ലക്ഷ്യമെങ്കിലും നേടാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200ലേറെ സീറ്റുകള്‍ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. എന്നാല്‍ 77ന് അപ്പുറം പോകാൻ കഴിഞ്ഞില്ല’ – മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി കൃഷ്ണ നഗറിൽ നിന്നും മത്സരിക്കുന്ന മഹുവ മൊയ്ത്രയ്ക്കു വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മമതയുടെ പരാമർശങ്ങൾ.
ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ അപേക്ഷകൻ വിദേശിയായി മാറും. സിഎഎയ്ക്കു വേണ്ടി അപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണിത്. ബംഗാളിൽ ഇന്ത്യാ സഖ്യമില്ല. ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ എംപി മഹുവയെ ബിജെപിക്കെതിരെ ശബ്ദിച്ചതിനാൽ അപകീർത്തിപ്പെടുത്തുകയും ലോക്‌സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും മമത പറഞ്ഞു.
ഈ മാസമാദ്യം വീട്ടിനുള്ളിൽ വീണു പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന മമത, ചെറിയ ഇടവേളയ്ക്കുശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത്.