കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രം, അസാധ്യമെന്ന് കരുതിയ പലതും ചെയ്തു; അഴിമതി ഇല്ലാതാക്കും: മോദി
Mail This Article
മീററ്റ് (ഉത്തർപ്രദേശ്) ∙ കഴിഞ്ഞ 10 വർഷം കണ്ടത് വികസനത്തിന്റെ ട്രെയിലർ മാത്രമാണെന്നും രാജ്യം ഇനിയുമേറെ മുന്നോട്ടു കുതിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധ്യമെന്നു കരുതിയ പലതും നാം നടപ്പാക്കി. അടുത്ത 5 വർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കുകയാണ്. അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനാൽ ചിലർക്ക് ക്ഷമ നഷ്ടപ്പെടുന്നു. അഴിമതി ഇല്ലാതാക്കുക എന്നതാണ് എന്റെ മന്ത്രം. തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുകയെന്നതാണ് ലക്ഷ്യം– മീററ്റിൽ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്തു മോദി പറഞ്ഞു.
‘‘2024ലെ തിരഞ്ഞെടുപ്പ് കേവലം സർക്കാരിനെ കണ്ടെത്താന്‍ വേണ്ടിയുള്ളതു മാത്രമല്ല, വികസിത ഭാരതം നിർമിക്കാനുള്ളതു കൂടിയാണ്. 10 വർഷത്തെ എൻഡിഎ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് എല്ലാവരുടെയും പക്കലുണ്ട്. അസാധ്യമെന്ന് കരുതിയ പലതും കഴിഞ്ഞ 10 വർഷത്തിനിടെ ചെയ്തു. അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണം അസാധ്യമാണെന്നു കരുതി. എന്നാൽ അതു നമ്മൾ സാധ്യമാക്കി. വൺ റാങ്ക് വൺ പെൻഷൻ, മുത്തലാഖ് നിരോധനം തുടങ്ങിയവയെല്ലാം നടപ്പാക്കി. ഇന്ന് യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ അവസരങ്ങൾ തുറന്നു നൽകിയിരിക്കുന്നു. വികസനത്തിന്റെ ട്രെയിലർ മാത്രമാണ് നിങ്ങൾ കണ്ടത്. രാജ്യം ഇനിയുമേറെ മുന്നോട്ടു കുതിക്കാനിരിക്കുന്നു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമ്പോൾ, ദാരിദ്ര്യം ഇല്ലാതാക്കും, മധ്യവർഗം രാജ്യത്തിന്റെ കരുത്താകും. ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായപ്പോൾ, 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായി. രാജ്യത്തിന് വളരെ ശക്തമായ മധ്യവർഗം ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയാണ്. നമ്മുടെ സർക്കാർ മൂന്നാം തവണയും അധികാരത്തിലേറാൻ തയാറാവുന്നു. അടുത്ത 5 വർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കുകയാണ്. ആദ്യ 100 ദിനം നടപ്പാക്കേണ്ട പദ്ധതികൾ പ്രത്യേക പ്രാധാന്യത്തോടെയാണു തയാറാക്കുന്നത്.
ഞാൻ അഴിമതിക്കെതിരെ നടപടി സ്വീകരിക്കുന്നതിനാൽ ചിലർക്ക് അവരുടെ ക്ഷമ നഷ്ടപ്പെടുന്നു. അഴിമതി ഇല്ലാതാക്കുക എന്നതാണ് മോദിയുടെ മന്ത്രം. എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പറയുന്നത്. അഴിമതിക്കെതിരെ അണിനിരക്കുന്നവരും അഴിമതിക്കാരെ സംരക്ഷിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ‘ഇൻഡി’ സഖ്യത്തിലൂടെ മോദിയെ ഭയപ്പെടുത്താമെന്നാണ് അവരുടെ ധാരണ. രാജ്യമാണ് എന്റെ കുടുംബം. അഴിമതിക്കെതിരായ യുദ്ധത്തിൽ ഞാൻ പോരാടുകയാണ്. അതുകൊണ്ടാണ് അഴിമതിക്കാരായ നിരവധിപ്പേർ ഇപ്പോൾ ജയിലിലായത്. അവർക്ക് സുപ്രീംകോടതിയിൽനിന്നുപോലും ജാമ്യം ലഭിക്കില്ല.
കോണ്‍ഗ്രസിന്റെ മറ്റൊരു രാജ്യവിരുദ്ധ പ്രവൃത്തി കൂടി ഇന്ന് പുറത്തുവന്നു. രാജ്യസുരക്ഷയ്ക്ക് സുപ്രധാന പങ്കുണ്ടായിരുന്ന കച്ചത്തീവ് തുരുത്ത് ശ്രീലങ്കയ്ക്കു വിട്ടുനൽകിയത് കോൺഗ്രസാണ്. കോൺഗ്രസ് ഭരണകാലത്ത് പാവപ്പെട്ടവരുടെയും ചെറുകിട നിക്ഷേപകർ, ബാങ്കുകൾ എന്നിവരുടെ കോടിക്കണക്കിന് രൂപ തെറ്റായ രീതിയിൽ മരവിപ്പിച്ചു. നാം അഴിമതിക്കാരുടെ പണം പിടിച്ചുവയ്ക്കുകയും പാവങ്ങളുടേത് തിരിച്ചു നൽകുകയും ചെയ്തു’’ –പ്രധാനമന്ത്രി പറഞ്ഞു.