ADVERTISEMENT

ലക്‌നൗ∙ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ ഹൃദയത്തിൽ രക്തം കട്ടപിടിച്ചതിന്റെ വ്യക്തമായ അടയാളങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയത്തിന്റെ ഒരു ഭാഗം മഞ്ഞനിറത്തിലാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

തടവിൽ പാർപ്പിച്ചിരുന്ന ബാന്ദ ജയിലിൽ വച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മാർച്ച് 19ന് അൻസാരിക്ക് വിഷം നൽകിയതായി സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ കേസ് ഫയൽ ചെയ്തു. 

അൻസാരിയെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തി. കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി സർക്കാരും സംവിധാനങ്ങളും ഗൂഢാലോചന നടത്തുകയാണെന്നും അൻസാരിയുടെ സഹോദരൻ അഫ്സൽ അൻസാരി ആരോപിച്ചു. ആശുപത്രിയിൽ വച്ച് അൻസാരിയുമായി സംസാരിച്ചപ്പോൾ തനിക്ക് വിഷം തന്നതായി അദ്ദേഹം വെളിപ്പെടുത്തിയെന്നും അഫ്സൽ അൻസാരി പറഞ്ഞു. മുക്താറിന്റെ നില ഗുരുതരമാണെന്ന് വെളുപ്പിന് 3 മണിക്കാണ് അറിയിപ്പ് ലഭിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ അഞ്ചു മിനിറ്റ് മാത്രമാണ് അദ്ദേഹത്തോടു സംസാരിക്കാന്‍ അനുവദിച്ചത്. അപ്പോഴാണ് അദ്ദേഹം വിഷം തന്നുവെന്നു പറഞ്ഞതെന്നും അഫ്സൽ  അറിയിച്ചു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് മുക്താർ അൻസാരിയെ പത്തുവർഷത്തെ തടവിന് ശിക്ഷിച്ചത്. ആയുധ ലൈസൻസ് കരസ്ഥമാക്കുന്നതിന് വേണ്ടി വ്യാജരേഖ നിർമിച്ച കേസിൽ മാർച്ച് 13ന് അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മൗ സദാർ സീറ്റിൽ നിന്ന് അഞ്ചുതവണ എംഎൽഎ ആയിട്ടുള്ള അൻസാരി അറുപതിലധികം ക്രിമനൽ കേസുകളിൽ പ്രതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com