അരവിന്ദ് കേജ്രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു: പ്രതിഷേധവുമായി എഎപി പ്രവർത്തകർ, പൊലീസുമായി വാക്കുതർക്കം
Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഡൽഹി തിഹാർ ജയിലിൽ എത്തിച്ചു. കേജ്‍രിവാളിനെ രണ്ടാം നമ്പർ ജയിലിലാണു പാർപ്പിക്കുക. ജയിലിന് മുൻപിൽ ആംആദ്‍മി പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. അരവിന്ദ് കേജ്രിവാളിനെ ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഈ മാസം 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നു പറഞ്ഞാണ് കേജ്‌രിവാൾ ഇന്നു കോടതി മുറിയിലേക്കു കയറിപ്പോയത്.
കേസിൽ മാർച്ച് 21ന് അറസ്റ്റ് ചെയ്ത കേജ്‌രിവാളിന്റെ റിമാൻഡ് കാലാവധി ഇന്നവസാനിച്ചതിനെ തുടർന്നാണു കോടതിയിൽ ഹാജരാക്കിയത്. ഇതോടെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ് എന്നിവർക്കു പുറമേ കേജ്‌രിവാളും തിഹാർ ജയിലില്‍ എത്തിയിരിക്കുകയാണ്.
റൗസ് അവന്യൂ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെ മുന്നിൽ ഹാജരാക്കിയ കേജ്‌രിവാളിനെ വീണ്ടും റിമാൻഡിൽ വിട്ടു കിട്ടണമെന്ന് ഇ.ഡി ആവശ്യപ്പെട്ടില്ല. പകരം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ മൗലീകാവകാശങ്ങൾ ലംഘിച്ചാണ് അറസ്റ്റ് നടത്തിയതെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ നൽകിയ ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ ഇ.ഡിക്കു നൽകിയ നോട്ടിസിൽ നാളെ മറുപടി നൽകണമെന്നാണു ഹൈക്കോടതി നിർദേശം.
കേജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ ഭരദ്വാജ്, മുതിർന്ന ആംആദ്മി പാർട്ടി നേതാക്കൾ എന്നിവർ ഇന്നു കോടതിയിലെത്തിയിരുന്നു. ജയിലിൽ കേജ്‌രിവാളിനു ഭഗവദ്ഗീതയും രാമായണവും നീരജ ചൗധരി എഴുതിയ ' പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്ന പുസ്തകവും വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രത്യേക അപേക്ഷ നൽകിയിരുന്നു.
അന്വേഷണത്തോട് കേജ്‌രിവാൾ ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് ഇ.ഡിയുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞത്. മൊബൈൽ ഫോണിന്റെ പാസ്‌വേർഡ് നൽകാൻ കൂട്ടാക്കുന്നില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. അറസ്റ്റിലായ ദിവസം മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത കേജ്‌രിവാൾ ഇ.ഡി ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ്‌വേഡ് നൽകാൻ കൂട്ടാക്കിയില്ല. ഇ.ഡിക്ക് ഇക്കാര്യത്തിൽ തന്നെ നിർബന്ധിക്കാനാകില്ലെന്നാണ് കേജ്‌രിവാൾ പറയുന്നത്. ഒടുവിൽ സഹായം തേടി ഇ.ഡി കഴിഞ്ഞ ആഴ്ച ആപ്പിളിനെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.