രാഹുൽ ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിക്കും: കൽപ്പറ്റയിൽ റോഡ് ഷോ, അണിനിരക്കുക ആയിരക്കണക്കിന് പ്രവർത്തകർ
Mail This Article
കല്‍പ്പറ്റ∙ രാഹുല്‍ ഗാന്ധി എംപി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നു വയനാട് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കും. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിനു പ്രവര്‍ത്തകർ റോഡ് ഷോയില്‍ അണിനിരക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ് ഷോയുടെ ഭാഗമാവും. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധി അവിടെനിന്നു റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിലെത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള ക്യാംപെയ്ന്റെ തുടക്കമായിരിക്കും രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം, കാട്ടാന ആക്രമിച്ചുകൊന്ന അജീഷിന്റെ വീട്ടില്‍ പോയി ക്ഷമാപണം നടത്തിയിട്ടുവേണമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന് പ്രചാരണം ആരംഭിക്കേണ്ടിയിരുന്നതെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയ സമയത്ത് കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു കര്‍ണാടക സര്‍ക്കാരുമായി അദ്ദേഹം ബന്ധപ്പെടുകയും 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. എന്നാല്‍ ഈ തുക കൊടുക്കാനാവില്ലെന്നു പറഞ്ഞു ബിജെപി ശക്തമായ പ്രതിഷേധമാണു നടത്തിയത്. ഇതേതുടര്‍ന്നായിരുന്നു അജീഷിന്റെ കുടുംബം ഈ തുക വേണ്ടെന്നു വച്ചത്. ബിജെപി ചെയ്തതു തെറ്റായിപ്പോയെന്നു പറയാന്‍ സുരേന്ദ്രന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.