‘അര്‍ജുന്‍ റാം മേഘ്‌വാള്‍ എഴുത്തുകാരന്‍ കൂടിയാണ്’: സി. രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരിച്ച് സാഹിത്യ അക്കാദമി
Mail This Article
കൊച്ചി ∙ സാഹിത്യകാരൻ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി. രാജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടില്ലെന്നും അക്കാദമി പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എഴുത്തുകാരന്‍ കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രതികരണത്തില്‍ പറയുന്നു.
സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സി. രാധാകൃഷ്ണന്‍ രാജിവച്ചത്. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തരമാണു അദ്ദേഹം രാജി അറിയിച്ചത്. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യിച്ചതില്‍ പ്രതിഷേധിച്ചാണു രാജിവയ്ക്കുന്നതെന്നു രാധാകൃഷ്ണന്‍ അക്കാദമി സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
‘‘രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്നു താങ്കള്‍ക്ക് അറിയാം. കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. പക്ഷേ, അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു.
അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണു രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല’’ - സി. രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു.