മരണത്തിനു മുൻപ് ഗൂഗിളിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റി; അരുണാചൽ യാത്രയെപ്പറ്റി അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ദേവിയും നവീനും സുഹൃത്ത് ആര്യയും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഗൂഗിളിൽ തിരഞ്ഞതു മരണാനന്തര ജീവിതത്തെപ്പറ്റി. ഹോട്ടൽ മുറിയിൽനിന്ന് അരുണാചൽ പൊലീസ് ഇവരുടെ ഫോൺ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള അധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ ഗൂഗിളിൽ തിരഞ്ഞത്. അരുണാചൽ പ്രദേശിൽ പോകുന്ന വിവരം ആര്യയും നവീനും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവച്ചിരുന്നില്ല. എന്നാൽ അരുണാചലിൽ ഒരു സെമിനാറുണ്ടെന്നും അവിടേക്കാണു പോകുന്നതെന്നുമാണ് അടുത്ത ബന്ധുക്കളോട് ഇവർ പങ്കുവച്ച വിവരം. പോകുന്നതിനു തൊട്ടുമുൻപും വളരെ സന്തോഷത്തോടെയാണ് ഇവർ ബന്ധുക്കളോടു പെരുമാറിയിരുന്നത്.
ദേവിയും നവീനും ആയുർവേദ ഡോക്ടർമാർ ആയിരുന്നെങ്കിലും കുറച്ചുകാലമായി ഇവർ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് 13 വർഷമായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇക്കാര്യം ചോദിക്കുന്ന ബന്ധുക്കളോടു കുട്ടികൾ വേണ്ടെന്നതു തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണെന്നായിരുന്നു നവീനും ദേവിയും പറഞ്ഞിരുന്നത്. അടുത്തകാലത്തായി ദേവിക്ക് ഈശ്വരവിശ്വാസം വർധിച്ചിരുന്നതായി അടുത്ത ഒരു ബന്ധു പറഞ്ഞു. ഈയിടെയായി മുൻപെങ്ങും ഇല്ലാത്ത വിധം കടുത്ത ഈശ്വരവിശ്വാസമായിരുന്നു ദേവിക്കെന്നും അവർ പറഞ്ഞു.
ചുറുചുറുക്കോടെ സംസാരിക്കുകയും ബന്ധുക്കളോടും നാട്ടുകാരോടും പെരുമാറുകയും ചെയ്യുന്ന കുട്ടിയായിരുന്നു ദേവി. നവീൻ സൗമ്യനായിരുന്നെങ്കിലും വലുതായി സംസാരിക്കുന്ന വ്യക്തിയായിരുന്നില്ല. നവീന്റെ വീട്ടുകാരുമായി ദേവിയുടെ ബന്ധുക്കൾക്കു വലിയതോതിലുള്ള അടുപ്പമില്ല. പുറംലോകവുമായി വലിയ ബന്ധമില്ലാത്തവരാണു നവീന്റെ ബന്ധുക്കളെന്നാണു ദേവിയുമായി അടുപ്പമുള്ളവർ പറയുന്നത്. മൂവരുടേതും ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണൽ സി.എച്ച്.നാഗരാജു മാധ്യമങ്ങളോടു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് സംഘം അരുണാചലിലേക്കു പോകും.