ADVERTISEMENT

കോട്ടയം∙ അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ– ദേവി ദമ്പതികൾ മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽനിന്ന് പോയതെന്ന് നാട്ടുകാർ. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.  മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാർ പറയുന്നു.

‘‘13 വർഷമായി ഇരുവരും വിവാഹിതരായിട്ട്. തിരുവനന്തപുരത്താണു സ്ഥിരതാമസം. രണ്ടു പേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്ത് ക്ലിനിക്കൊക്കെയായി ജോലി നോക്കുകയായിരുന്നു. കുറച്ചുനാളായി ജോലിയൊന്നും ഇല്ലാതെ ഇരുവരും ഇവിടെ വീട്ടിൽ നിൽക്കുകയായിരുന്നു. നവീന്റെ മാതാവും പിതാവും തിരുവനന്തപുരത്ത് ജോലി ചെയ്തതിനാൽ ചെറുപ്പം മുതൽ നവീനും തിരുവനന്തപുരത്തായിരുന്നു. അവിടെ ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. 

നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നു. ദേവിയും അതിൽ അംഗമാണെന്നാണു പറയുന്നത്. 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സ് മാറിയിരുന്നു. ആ സംഘടന വഴിയാണ് ഇവർ അരുണാചലിലേക്കു പോയതെന്നാണ‌ു പറയുന്നത്. ദേഹം മുഴുവൻ വരഞ്ഞ് മുറിച്ച് രക്തം വാർന്നാണു മരിച്ചതെന്നാണു പറയുന്നത്. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സിനെ മാറ്റിക്കാണും.’’– നാട്ടുകാർ പറയുന്നു. നവീന്റെ പിതാവും മാതാവുമാണ് ഇപ്പോൾ കോട്ടയത്തെ വീട്ടിലുള്ളത്. പിതാവ് എൻ.എ.തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്. 

മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.

മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് ഇക്കഴിഞ്ഞ 27ന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

English Summary:

Natives about the death of Naveen and Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com