ഹേമന്ത് സോറനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ‘സിഎംഒ’ എന്ന ലേബൽ ചെയ്ത രേഖകളും നൽകി
Mail This Article
റാഞ്ചി ∙ ഭൂമികുംഭകോണക്കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ച് പേരെയും പ്രതി ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ചില സുപ്രധാന രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിടപാടുകൾ നേരിട്ട് കൈകാര്യം ചെയ്ത മറ്റൊരു പ്രതിയുടെ ഓഫിസിൽ നിന്നാണ് ഇവ പിടിച്ചെടുത്തതെന്ന് 5,700 പേജുള്ള കുറ്റപത്രത്തിൽ ഇ.ഡി പറയുന്നു. മാർച്ച് 30നാണ് കുറ്റപത്രം സമർപ്പിച്ചത്.
30 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ അറ്റാച്ച്മെന്റ് ഉത്തരവും കുറ്റപത്രത്തിലുണ്ട്. കേസിൽ അറസ്റ്റിലായ ഒരാളുടെ ഓഫിസിൽനിന്ന് ഇ.ഡി കണ്ടെടുത്ത ഭൂമി ഇടപാട് രേഖകൾ, മറ്റു രേഖകൾ, ലഭിച്ച പണം എന്നിവയുടെ വിശദാംശങ്ങൾ ആറു ഫയലുകളായാണ് സമർപ്പിച്ചത്. ഫയലുകളിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ (സിഎംഒ) പരാമർശിക്കുന്ന കുറിപ്പുകളുണ്ടെന്നും അവ ‘CMO’ എന്ന് ലേബൽ ചെയ്തിട്ടുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുമുൻപുതന്നെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. തുടർന്ന് ചംപയ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു.