ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദം, ഇല്ലെങ്കിൽ ഒരു മാസത്തിനകം അറസ്റ്റ് ചെയ്യും: വെളിപ്പെടുത്തി അതിഷി
Mail This Article
ന്യൂഡൽഹി∙ രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി രംഗത്ത്. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അതിഷി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഉടൻ തന്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തുമെന്ന സൂചന ശക്തമാണെന്നും അതിഷി പറഞ്ഞു.
അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി. തന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലും ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ് ഉണ്ടാകും. തന്നെയും സൗരവ് ഭരദ്വാജ്, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി വെളിപ്പെടുത്തി.
‘ഒരു അടുത്ത സുഹൃത്തു വഴി ബിജെപിക്കാർ എന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയ ഭാവി സംരക്ഷിക്കണമെങ്കിൽ ബിജെപിയിൽ ചേരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഒരു മാസത്തിനകം ഇ.ഡി എന്നെ അറസ്റ്റ് ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അടുത്ത രണ്ടു മാസത്തിനുള്ളിൽ നാല് എഎപി നേതാക്കൾ അറസ്റ്റിലാകും. സൗരഭ് ഭരദ്വാജ്, അതിഷി, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയാണ് അവർ നോട്ടമിടുന്നത്.’’ – അതിഷി പറഞ്ഞു.
‘‘ഇന്നലെ എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയിൽ പരാമർശിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ ഞങ്ങളുടെ പേരുകൾ പ്രതിപാദിച്ചിരിക്കുന്നത്. ഈ മൊഴി ഇ.ഡിയുടെയും സിബിഐയുടെയും കുറ്റപത്രത്തിലുണ്ട്. എന്നിട്ടും ഈ മൊഴി ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ എന്താണ്? അരവിന്ദ് കേജ്‍രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിൻ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാർട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലിൽ അടയ്ക്കാനാണ് അവരുടെ നീക്കം’ – അതിഷി പറഞ്ഞു.
ബിജെപി ശ്രമിക്കുന്നത് പുട്ടിൻ മോഡൽ ഭരണത്തിന്
പുട്ടിൻ മോഡൽ ഭരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയും ഇഡിയും ഒന്നാണ്. ഇതെല്ലാം ബിജെപിയുടെ വൃത്തികെട്ട തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ്. ഡൽഹി മദ്യനയത്തിൽ ആദ്യം ബിജെപി പറഞ്ഞത് 1,000 കോടിയുടെ അഴിമതിയെന്നാണ്. പിന്നീട് അത് 100 കോടി എന്നാണ് ബിജെപി ആരോപണം. അരവിന്ദ് കേജ്രിവാളിനെ ബിജെപി പരിഹസിക്കുന്നു. കള്ളക്കേസിലാണ് കേജ്രിവാളിനെ ജയിലിൽ അടച്ചതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് മറുപടി നൽകും. എഎപിയെ അവസാനിപ്പിക്കാമെന്ന് ബിജെപി കരുതേണ്ട, ഒരാളെ അറസ്റ്റ് ചെയ്താൽ കൂടുതൽ നേതാക്കൾ ഉയർന്നു വരും. റാലിയിൽ ജനങ്ങൾ എത്തുമോ എന്ന് മാധ്യമപ്രവർത്തകർ ആശങ്ക അറിയിച്ചു. പക്ഷേ ജനങ്ങൾ പിന്തുണ അറിയിച്ച് റാലിയിൽ എത്തി. ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ റാലിയിൽ എത്തി. ബിജെപി ഇപ്പോൾ പരിഭ്രാതിയിലാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു