ഉപമുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചിരുന്നില്ല, മോദി പറഞ്ഞതിനാലാണ് സ്ഥാനം സ്വീകരിച്ചത്: പനീർസെൽവം
Mail This Article
ചെന്നൈ ∙ അണ്ണാഡിഎംകെയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി മോദി മുൻപും ഇടപെട്ടിരുന്നെന്ന് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം ആരോപിച്ചു. അണ്ണാഡിഎംകെയിലെ പിളർപ്പ് ഒഴിവാക്കാനായി 2017ൽ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. എതിർ വിഭാഗം തന്റെ രാഷ്ട്രീയ പ്രതിഛായ തകർക്കുമെന്ന് മോദി പറഞ്ഞതിനാലാണ് പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലാത്ത ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചതെന്നും പനീർസെൽവം പറഞ്ഞു.
എൻഡിഎയുടെ ഏക സ്വതന്ത്ര സ്ഥാനാർഥിയാണു താനെന്ന് അവകാശപ്പെട്ട അദ്ദേഹം, ഏതെങ്കിലുമൊരു അംഗീകൃത പാർട്ടിയുടെ ഭാഗമല്ലാതിരുന്നിട്ടും രാമനാഥപുരത്ത് സ്ഥാനാർഥിയാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറയുന്നതായും കൂട്ടിച്ചേർത്തു. രാമനാഥപുരത്തെ പനീർസെൽവത്തിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വം ഔദ്യോഗികമായി പ്രതികരിക്കാതിരിക്കെയാണ് അവകാശവാദം.