‘അവർ ബ്ലാക് മാജിക് കെണിയിൽ വീണു; മൂന്നു പേരും ഉന്നത വിദ്യാഭ്യാസമുള്ളവർ, ഗുരുതര പ്രശ്നം’
Mail This Article
തിരുവനന്തപുരം∙ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിൽ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ ബ്ലാക് മാജിക്കെന്ന് സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി. ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമായി കണക്കാക്കി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഉച്ചയ്ക്കു രണ്ടോടെയാണു നവീനും ദേവിയും മറ്റൊരു സുഹൃത്തും ആത്മഹത്യ ചെയ്തെന്ന് അറിയുന്നത്. നവീനും ദേവിയും ബ്ലാക് മാജിക്കിന്റെ കെണിയിൽ വീണുപോയി എന്നാണ് ദേവിയുടെ പിതാവ് ബാലൻ പറഞ്ഞത്. അദ്ദേഹത്തെ സമാധാനിപ്പിക്കാമെന്നു കരുതിയാണ് ഞാൻ വന്നത്. എന്നാൽ എന്നെപ്പോലെ ഒരാൾക്കു സമാധാനിപ്പിക്കാൻ പറ്റിയ ദുഃഖമൊന്നുമല്ല അദ്ദേഹത്തിന്റേത്. മരിച്ച മൂന്നു പേരും ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ്. ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനി ഒരാൾക്ക് അങ്ങനെ വരാതിരിക്കാനുള്ള ബോധവത്കരണം ഉണ്ടാകണം.
ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണ് എന്തൊക്കെയോ വിളിച്ചു പറയുകയാണ്. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽകി മയക്കി കിടത്തുകയായിരുന്നു. ഇതൊക്കെ എങ്ങനെ ഒരാൾക്കു താങ്ങാൻ കഴിയുമെന്ന് അറിയില്ല. ദേവിയും നവീനും ആയുർവേദ ഡോക്ടർമാരായിരുന്നു. എന്നാൽ കുറച്ചു നാളായി ഇവരിങ്ങനെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പെട്ടിരിക്കുകയായിരുന്നു.
ജോലിയുപേക്ഷിച്ച് ദേവി ജർമൻ പഠിപ്പിക്കുന്ന അധ്യാപികയായി. നവീൻ കേക്ക് ഉണ്ടാക്കുന്ന ബിസിനസിലേക്കും മാറിയിരുന്നു. ഒരു ദിവസം ചിലപ്പോൾ ഒരു കേക്കൊക്കെ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. പണത്തിനു വേണ്ടി ആയിരുന്നില്ല അയാളുടെ താൽപര്യത്തിനു ചെയ്തിരുന്നതാണ്. ഇതുപോലെ ഒരുപാടു കേസുകളുണ്ട്. ഞാൻ കഴിഞ്ഞ ഇടയ്ക്ക് അമേരിക്കയിൽ പോയപ്പോൾ അവിടെ ഇതേപോലൊരു കേസുണ്ടായിരുന്നു. രക്തമാണ് അവരുടെ തീർഥമെന്നാണ് പറയുന്നത്. ഇതിൽനിന്നും ആളുകളെ മോചിപ്പിക്കാൻ എല്ലാവരും പ്രവർത്തിക്കണം’’ – സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് ഇക്കഴിഞ്ഞ 27ന് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി.