‘ചോര നക്കിക്കുടിക്കാന്‍ പറ്റുമോയെന്നാണ് നോക്കുന്നത്; ഹിറ്റ്‌ലര്‍ ജീവിച്ചിരുന്നെങ്കില്‍ പിണറായിയെ ഗീബല്സിന് പകരം നിയമിച്ചേനെ’
Mail This Article
കോഴിക്കോട്∙ ഹിറ്റ്‌ലര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പ്രൊപഗാൻഡ മന്ത്രിയായി ഗീബല്‍സിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീര്‍. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാന്‍ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നോക്കുന്നത്. മോദിയില്‍നിന്ന് രാഹുലിലേക്ക് സിപിഎം ടാര്‍ഗറ്റ് മാറ്റിയിരിക്കുന്നു. മോദി വീണ്ടും അധികാരത്തില്‍ വരുന്നത് പിണറായിക്ക് പ്രശ്‌നമല്ല. എങ്ങനെയെങ്കിലും രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കണമെന്നതാണ് പിണറായിയുടെ ലക്ഷ്യം. മണിപ്പൂരില്‍ പോയി അവരുടെ കണ്ണീരൊപ്പി ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിയോട് മണിപ്പൂരുമായി ബന്ധപ്പെട്ട് ഒരു നിലപാടുമില്ലാത്തവനെന്നു പറയാന്‍ പിണറായിക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരെന്ന് മുനീർ ചൂണ്ടിക്കാട്ടി.
‘‘പൗരത്വ വിഷയത്തിലൊക്കെ എത്രയെത്ര നുണകളാണ് പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ കേരളത്തിലെ യുഡിഎഫ് എംപിമാരോ കോണ്‍ഗ്രസ് നേതാക്കളോ അതിനെതിരെ പറഞ്ഞോ എന്നാണ് ചോദ്യം. പാര്‍ലമെന്റ് രേഖകളിലും പത്ര, ദൃശ്യമാധ്യമങ്ങളിലും പച്ചയായി കാണുന്ന വസ്തുതയെയാണ് ഒരു ഉളുപ്പുമില്ലാതെ തുടര്‍ച്ചയായി നിഷേധിച്ച് കളവ് പറയുന്നത്. ലോക്‌സഭയില്‍ ബില്ല് ആദ്യം വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ ഇടപെടലിന്റെയും കേരളത്തില്‍ നിന്നുളള ശശി തരൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ പാര്‍ലമെന്റിലെ ഉജ്വല പ്രസംഗത്തിന്റെയും വിഡിയോ എല്ലാവര്‍ക്കും മുൻപിലുണ്ട്.
‘‘പാര്‍ലമെന്റില്‍ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന്റെ ഏക കനലായിരുന്ന ആലപ്പുഴയിലെ ആരിഫ് പാര്‍ലമെന്റില്‍ സിഎഎയ്‌ക്കെതിരെ ഒരക്ഷരം മിണ്ടിയോ? യുഡിഎഫ് എംപിമാരുടെ പ്രസംഗങ്ങളെയും ഇടപെടലിനെയും കുറിച്ച് ആരുമായും സംവാദത്തിന് തയാറാണ്. കോണ്‍ഗ്രസ് ശക്തമായ നിലപാട് വ്യക്തമാക്കിയതാണ്. രാഹുല്‍ ഗാന്ധിയോളം ശക്തമായി സിഎഎയെ എതിര്‍ത്ത നേതാവിനെക്കുറിച്ചാണ് ഇല്ലാക്കഥ പറയുന്നത്. പുതുതായൊന്നും പറഞ്ഞില്ലെന്നാണ് പിണറായി പറയുന്നത്. രാഹുല്‍ ഒരു തവണ സൊന്നാല്‍ നൂറു തവണ സൊന്നമാതിരി. അതില്‍ മാറ്റമുണ്ടാവില്ല. എപ്പോഴും നിലപാട് മാറ്റുന്ന പിണറായിയുടെ ജനുസ്സില്‍പ്പെട്ട ആളല്ല അദ്ദേഹം. എന്നിട്ടും എങ്ങനെയാണ് മുഖ്യമന്ത്രി പദവി പോലെ ഉന്നതമായൊരു സ്ഥാനത്തിരിക്കുന്ന വ്യക്തി ഇങ്ങനെ കള്ളം പറയുന്നത്. പിണറായിയുടേത് നുണ നൂറ്റൊന്ന് ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താമെന്ന ഗീബല്‍സിയന്‍ തന്ത്രമാണത്.
‘‘പൗരത്വം കേന്ദ്രത്തിന്റെ പരിധിയില്‍ മാത്രം വരുന്ന വിഷയമാണെന്ന് രാഷ്ട്രീയമായി പ്രാഥമിക വിവരമെങ്കിലും ഉള്ള എല്ലാവര്‍ക്കും അറിയാം. ആര്‍എസ്എസിനായി ഭരിച്ച് മുസ്‌ലിം വേട്ടയുടെ എല്ലാ കരിനിയമങ്ങളും പ്രയോഗിക്കുന്ന പിണറായി തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയപ്പോഴും ഇവിടെ നടപ്പാക്കാതിരുന്നുകൂടായിരുന്നോ? നിയമം നടപ്പാക്കിയാല്‍ മുസ്‌ലിം ലീഗ് ചെയ്തപോലെ സുപ്രീം കോടതിയെ സമീപിക്കാം. രാഷ്ട്രീയമായും എതിര്‍പ്പ് പ്രകടിപ്പിക്കാം. പ്രമേയം പാസ്സാക്കാം. അല്ലാതെ സിഎഎക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയെല്ലാം ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസ് എടുത്ത് വര്‍ഷങ്ങളായി പീഡിപ്പിക്കുന്ന പിണറായി സര്‍ക്കാറില്‍ ആരെങ്കിലും പ്രതീക്ഷ വയ്‌ക്കുമോ?
‘‘കേസ് പിന്‍വലിക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാറിനെ പിന്തുണക്കുന്നതിന് തിരഞ്ഞെടുപ്പ് ദിനം ന്യൂനപക്ഷ വിഭാഗങ്ങളുടെ പത്രങ്ങളില്‍ പരസ്യം കൊടുത്തിരുന്നല്ലോ. പലതിലും വിചാരണ പൂര്‍ത്തിയായി ശിക്ഷ കഴിഞ്ഞു. വര്‍ഷം മൂന്നരയായിട്ടും തൊള്ളായിരത്തോളം കേസുകള്‍ കോടതിയില്‍ തന്നെയാണുള്ളത്. എന്നിട്ടാണ് ആര്‍എസ്എസിനായി ആഭ്യന്തരം ഉള്‍പ്പെടെ പണയം വച്ച പിണറായിയുടെ പുതിയ കബളിപ്പിക്കല്‍.
‘‘അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സിപിഎമ്മിന്റെ എക്കാലത്തെയും മുഖമുദ്ര. അങ്ങനെയാണ് അവര്‍ ഉപ്പുവച്ച കലം പോലെയായത്. ഇപ്പോള്‍ ഗതികേട് കൊണ്ട് ബംഗാളിലും ത്രിപുരയിലും തമിഴ്‌നാട്ടിലുമൊക്കെ രാഹുല്‍ ഗാന്ധിയുടെ പടം വച്ച് വോട്ടു പിടിക്കുന്നതും അവരല്ലേ? ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പറയുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയല്ലേ പിണറായി. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധതയും അഴിമതിയും ഒത്തുകളിയും തുറന്നുകാട്ടി ജനങ്ങളെ അണിനിരത്തും. കേരളത്തില്‍ 20ല്‍ 20ഉം നേടുന്ന ഇന്ത്യാ മുന്നണി മുന്നൂറിലേറെ സീറ്റുമായി അധികാരത്തില്‍ വരും. പൂരപ്പറമ്പിലെ മുച്ചീട്ടുകളിക്കാരന്റെ റോള്‍ മാത്രമേ സിപിഎമ്മിന് ഉള്ളൂവെന്നും മുനീര്‍ പരിഹസിച്ചു.