ADVERTISEMENT

കോഴിക്കോട്∙ കണ്ണൂര്‍ പാനൂര്‍ മുളിയാന്തോട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പി‌ൽ. ബോംബ് നിർമാണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഎം വ്യക്തമാക്കണം. ബോംബ് കയ്യിലിരുന്ന് പൊട്ടിയിരുന്നില്ലെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടത്? സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘‘പുരോഗമനം പ്രസംഗിക്കുമ്പോഴും വാളും കഠാരയും ബോംബും ഉപേക്ഷിച്ചുള്ള രാഷ്ട്രീയത്തിന് ഈ 2024ലും സിപിഎം തയാറല്ലെന്ന് തുറന്നു സമ്മതിക്കുന്നതാണ് പാനൂരിലുണ്ടായ സംഭവം. സിപിഎമ്മിനോട് ചോദിക്കാനുള്ളത്, ഒരു തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്ര ബാക്കിനിൽക്കെ നിങ്ങൾക്ക് ഇപ്പോൾ എന്തിനാണ് ബോംബ്? ഈ തിരഞ്ഞെടുപ്പിൽ ബോംബ് വച്ച് എന്തു സ്വാധീനമുണ്ടാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്? ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത്? എന്ത് കാര്യത്തിനാണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണം.

‘‘ഏതായാലും ബോംബ് ഉണ്ടാക്കിയിട്ട് ബാങ്കിലിട്ട് പലിശ വാങ്ങിക്കാൻ പറ്റില്ലല്ലോ. ആരായിരുന്നു നിങ്ങളുടെ ലക്ഷ്യം? യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരാ. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നത്. ’’– ഷാഫി പറഞ്ഞു.

ഇന്നു പുലർച്ചെ, പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. 3 പേർക്കു പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. കോഴിക്കോട് മിംസിലും പരിയാരം മെഡി.കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

English Summary:

Shafi Parambil Slams CPM in Bomb Explosion at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com