അപരന്മാർക്ക് ‘അപായമണി’; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെയും പാലക്കാട്ട് വിജയരാഘവന്റെയും അപരന്മാരുടെ പത്രിക തള്ളി
Mail This Article
കോട്ടയം/പാലക്കാട്∙ വോട്ടു ഭിന്നിപ്പിക്കാനിറങ്ങിയ അപരന്മാർക്ക് പത്രികയിൽ തന്നെ തിരിച്ചടി. രണ്ടു മണ്ഡലങ്ങളിലായി യുഡിഎഫ്, എൽഡിഎഫ് മുന്നണി സ്ഥാനാർഥികളുടെ അപരന്മാരുടെ പത്രിക വരണാധികാരി തള്ളി. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെയും പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവന്റെയും അപരന്മാരുടെ പത്രികകളാണ് തള്ളിയത്.
ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാരാണ് കോട്ടത്തുണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപുരക്കൽ ഫ്രാൻസിസ് ജോർജും തൃശൂർ അഞ്ചേരി ഇളുവത്തിങ്കൽ ഫ്രാൻസിസ് ഇ.ജോർജും. ഇരുവരുടെയും പത്രിക വരണാധികാരി തള്ളി. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതു ചൂണ്ടിക്കാണിച്ച് യുഡിഎഫ് പരാതി നൽകിയിരുന്നു. യുഡിഎഫ് വാദം അംഗീകരിച്ചാണ് വരണാധികാരിയുടെ നടപടി.
പാലക്കാട്ട്, ഇടതു സ്ഥാനാർഥി എ.വിജയരാഘവന് എതിരെ ശ്രീകൃഷ്ണപുരം സ്വദേശി എ.വിജയരാഘവൻ നൽകിയ പത്രികയാണ് തള്ളിയത്. അതേസമയം, വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു. അപരയുടെ ഇനീഷ്യൽ വോട്ടർപട്ടികയിലില്ലെന്ന വാദം വരണാധികാരി അംഗീകരിച്ചില്ല.