സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് വീഴ്ച പറ്റി, ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും– വീണാ ജോർജ്
Mail This Article
പത്തനംതിട്ട∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് പിന്തുണ നൽകിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു
ഡയറക്ടർ മെഡിക്കൽ എജുക്കേഷന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ അഞ്ചുപേരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഫയലിൽ കുറിച്ചതെന്നും മന്ത്രി പറഞ്ഞു.
ജോലിയിലെ വീഴ്ചയ്ക്ക് മറ്റെന്തു നടപടി ഇവർ സ്വീകരിച്ചാലും ന്യായീകരണമാകില്ല. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. കോടതി പറയുന്നതുപോലെ തുടർ നടപടി സ്വീകരിക്കും. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂവെന്നും തനിക്കു സ്വന്തമായി ഉത്തരവ് ഇറക്കാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) കോഴിക്കോട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സുജിത്ത് ശ്രീനിവാസനെ അറിയിച്ചു.
മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ്അ ർധബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി.
അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു. അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.